പുതിയ പ്രസ്, മീഡിയ നിയമത്തിന് ശൂറാ കൗൺസിലിന്റെ അംഗീകാരം
text_fieldsമനാമ: രാജ്യത്തിന്റെ മാധ്യമ നിയമനിർമാണത്തിൽ സുപ്രധാനമായ നാഴികക്കല്ല് രേഖപ്പെടുത്തിക്കൊണ്ട് ബഹ്റൈനിലെ പുതിയ പ്രസ്, മീഡിയ നിയമത്തിന് ശൂറാ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. പ്രമുഖ പ്രാദേശിക മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റർമാർ, പത്രപ്രവർത്തകർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
നേരത്തെ പാർലമെന്റ് അംഗീകാരമുള്ള ഈ നിർദേശം ഇനി തുടർ അനുമതിക്കായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് കൈമാറും. പുതിയ നിയമം ബഹ്റൈന്റെ മാധ്യമമേഖലയെ ആധുനീകരിക്കുന്നതിനുള്ള ഒരു വഴിത്തിരിവായാണ് വിലയിരുത്തുന്നത്.
പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കേസുകളിൽ പത്രപ്രവർത്തകരെ ജയിലിലടക്കുന്നത് നിയമം ഒഴിവാക്കുകയും അതിനുപകരം പിഴകൾ ഏർപ്പെടുത്തുകയും ചെയ്യും. ഇന്നത്തെ ആശയവിനിമയ രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഘടകമായ ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയകൾക്ക് സമഗ്രമായ ഒരു നിയമപരമായ ചട്ടക്കൂട് ഇത് അവതരിപ്പിക്കുന്നു. പത്രപ്രവർത്തകർക്ക് കൂടുതൽ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് നിയമപരവും തൊഴിൽപരവുമായ സംരക്ഷണം ഈ നിയമം ശക്തിപ്പെടുത്തുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും ഉത്തരവാദിത്തമുള്ളതും ധാർമികവുമായ പത്രപ്രവർത്തനത്തിന്റെ തത്ത്വങ്ങളും സംരക്ഷിക്കുന്ന ഒരു സന്തുലിതമായ ചട്ടക്കൂട് സ്ഥാപിക്കാൻ ഈ നിയമനിർമാണം ലക്ഷ്യമിടുന്നു. ഈ നീക്കം, ആഗോളതലത്തിലെ വ്യവസായ വികസനത്തിനനുസൃതമായി പുരോഗമനപരവും തുറന്നതുമായ ഒരു മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

