നാടൻകളികളുടെ ആവേശം വിതറി ‘ശ്രാവണം’
text_fields‘ശ്രാവണം’ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കബഡി മത്സരത്തിൽ ജയിച്ച ടീം സമ്മാനവുമായി
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം’ കേരളത്തിന്റെ വൈവിധ്യമാർന്ന തനത് നാടൻ കളികളാൽ ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത വിവിധ നാടൻകളികൾ ഓണാഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
തലയണയടിയും കണ്ണ് കെട്ടി കുടമടിയും നാരങ്ങ സ്പൂൺ മത്സരവും കൗതുകമുണർത്തിയ സുന്ദരിക്ക് പൊട്ട് തൊടൽ മത്സരവും കാണികളെ ആവേശത്തിലാക്കി. ഉന്ത് കളിയും ചാക്കിൽ ചാട്ടവും കൈക്കരുത്തും മെയ്വഴക്കവും തെളിയിച്ച കിളിത്തട്ട് കളിയും ഏറെ ശ്രദ്ധേയമായി. വാശിയേറിയ ഉറിയടി മത്സരം കാണികളിൽ ആവേശം നിറച്ചപ്പോൾ തീറ്റ മത്സരം കാണികളിൽ ചിരി നിറച്ചു. സ്ലോ സൈക്കിൾ റേസ് മത്സരവും വ്യത്യസ്തമായി.
നാടൻകളികൾക്കുപുറമെ, നിരവധി ടീമുകൾ പങ്കെടുത്ത കബഡി മത്സരവും നടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തുളുനാടൻ കബടി ടീം ഒന്നാം സ്ഥാനവും യുനൈറ്റഡ് ബഹ്റൈൻ കബഡി ടീം രണ്ടാം സ്ഥാനവും നേടി. ബഹ്റൈനിലെ മലയാളി സമൂഹത്തിന് ഒരുമിച്ചുകൂടാനും ഓണാഘോഷങ്ങളുടെ സന്തോഷം പങ്കിടാനുമായി സംഘടിപ്പിച്ച ഈ പരിപാടികൾക്ക് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ്, പ്രോഗ്രാം കൺവീനർമാരായ ബോണി ജോസ്, ഷാജി ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

