മൂകബീജം
text_fieldsഅമ്മക്ക് സംസാരഭാഷയുണ്ടായിരുന്നില്ല, ചേഷ്ടകളാണ് ആദ്യം കണ്ടത്. അമ്മയുടെ സാരിത്തലപ്പിനുള്ളിൽ മാറിലും മുതുകത്തും മാറി മാറി കിടന്ന് ഉയിരുടൽ ചൂടേറ്റ് വളർന്ന് പിച്ചവെക്കും കാലമെത്തിയപ്പോഴായിരിക്കണം കൊതുകിനും പാറ്റക്കും കുഞ്ഞൻ എലികൾക്കും പട്ടിക്കും പൂച്ചക്കും ഒക്കെ കൂട്ടായി എനിക്ക് സ്വാതന്ത്ര്യം കിട്ടിയത്. മുലയൂട്ട് പ്രായം കഴിഞ്ഞുപോയതുകൊണ്ടാവാം കണ്ണീരിന്റെ ഉപ്പ് കാറിപ്പൊളിച്ച തൊണ്ടയുടെ ഇളം ഭിത്തികളിൽ നീറ്റലുണ്ടാക്കിയത്.
ദേഹത്ത് സൊറ പറയാനെത്തുന്ന ഈച്ചക്കൂട്ടങ്ങൾക്ക് അവധി കിട്ടുന്നത് അമ്മ വല്ലപ്പോഴും തൃശൂരങ്ങാടിയുടെ ഓരത്തുള്ള പൈപ്പുവെള്ളത്തിൽ കുളിപ്പിക്കുമ്പോഴാണ്. നഗരത്തിരക്കിലെ നാൽചക്ര ഉന്തുവണ്ടികളിലെ അണ്ണാച്ചിമാരായ പഴക്കച്ചവടക്കാരല്ലാത്ത ആരുംതന്നെ വിശപ്പടക്കാൻ ഒന്നും നീട്ടിത്തന്നിരുന്നില്ല.
അമ്മ ഉന്തിത്തന്നിരുന്ന ദോശക്കഷണങ്ങളും ഇഡലിക്കഷണങ്ങളും വാപിളർന്ന് കഴിച്ചപ്പോൾ കിട്ടിയിരുന്ന രുചി പിന്നീട് വളർന്നപ്പോൾ കഴിച്ച ഒരു ബിരിയാണിച്ചോറിനും ഉണ്ടെന്ന് തോന്നിയിട്ടില്ല. തൃശൂർ ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടങ്ങളിൽ വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയിരുന്ന ചെറിയ കുട്ടികളുടെ കണ്ണേറുകളിലാണ് ഞാനും അവരോളം വളർന്നുവെന്ന മൂകബോധം ഉണർന്നത്.
ഒതുക്കത്തോടെ വരിഞ്ഞുകെട്ടിയ പഴയ ഭാണ്ഡക്കെട്ടുകളിൽ കൈമുട്ടമർത്തി കാലുനീട്ടി ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞ മൂലയിൽ ചാരിയിരുന്ന് അമ്മ വെറ്റിലയും പുകയിലയും കൂട്ടി ചവച്ച് തുപ്പുമായിരുന്നു. രക്തവർണമായ മുറുക്കാൻചപ്പുകൾക്കിടയിലും ആരൊക്കെയോ വലിച്ചിട്ട ബീഡിക്കുറ്റികൾക്കും സിഗരറ്റ് കുറ്റികൾക്കും ഇടയിലും വീട്ടുമുറ്റത്തെന്ന പോലെ അറപ്പൊന്നുമില്ലാതെ ഞാൻ കളിച്ചുവളർന്നു.
പകലിന്റെ വേവുംവെയിലിൽ അമ്മക്കും എനിക്കും തണലേകുന്ന ബസ് സ്റ്റാൻഡിന്റെ മേൽക്കൂരക്കുതാഴെ അന്തിയാകുമ്പോഴേക്കും പലരും ചുമര് ചാരിയെത്തും. വെളുത്ത് മെലിഞ്ഞ് സുന്ദരിയായ അമ്മയുടെ കണ്ണുകളും കൈകളുമാണ് സംസാരിക്കാനും കലഹിക്കാനും ആട്ടിയോടിക്കാനും കൂട്ടത്തിലെ ഒരാളോടൊപ്പം ഇടപഴകാനും സഹായിച്ചിരുന്നത്.
മഴയെന്നോ വെയിലെന്നോ ഭേദമില്ലാതെ ചിലപ്പോഴൊക്കെ പൊലീസ് ഏമാന്മാർ ബസ്സ്റ്റാൻഡിന് വെളിയിലേക്ക് ഓടിച്ച് വിടുമ്പോൾ വന്ന് ചേക്കേറുന്ന ഇടമായി പിന്നീട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ.
അസുഖങ്ങൾക്ക് മറുമരുന്നായി ജില്ല ആശുപത്രി എന്നും ഒരു ആശ്വാസമായിരുന്നു. നിറവയറോടെ അലഞ്ഞ അമ്മക്ക് വയറൊഴിഞ്ഞ് കൊടുത്തത്ത് ഈ ആശുപത്രിയായിരുന്നു. പഴന്തുണിയിൽ പൊതിഞ്ഞ കുഞ്ഞനുജത്തിയെ ഇടക്കൊക്കെ എന്റെ കൈകളിൽ അമ്മ വെച്ചുതരുമായിരുന്നു.
'കട്ടും പിടിച്ചുപറിച്ചും നടന്നാൽ ചവിട്ടി നട്ടെല്ലൊടിച്ച് കിടത്തും നായിന്റെ മോനേ…' എന്ന് പൊലീസ് ഏമാന്മാർ തിട്ടൂരം തന്നത് തലയിലെയും താടിയിലെയും കാടിറക്കി കളഞ്ഞിട്ടായിരുന്നു. ഏതോ പ്രണയാർദ്രമായ ചതിയുടെ കീറിയ ഏടായി, ഈ നഗരചവറുകൾക്കിടയിലേക്ക് എത്തപ്പെട്ട മൂകയായ അമ്മക്ക് ഇരുളിന്റെ മറവിൽ മാത്രമല്ല വെളിച്ചത്തിന്റെ ഉണർവിലും വീറോടെ വിഴുങ്ങാൻ നിൽക്കുന്ന വാ പിളർപ്പുകളിൽനിന്ന് ഇന്നും മോചനം കിട്ടിയിട്ടില്ല.
അമ്മ ചൂണ്ടിക്കാണിക്കുന്നതാണ് അച്ഛൻ... നാമമില്ലാബീജങ്ങളുടെ അശനിപാതങ്ങളിൽ നിന്ന് ഉയിരുതിർത്തതാരെന്ന് വാമൊഴിയുതിർക്കാനാവാതെ അമ്മ നിൽക്കുമ്പോഴും ഞാൻ ആലോചിച്ചു, അമ്മ ഇണചേർന്നവരൊക്കെയും ഞങ്ങളെപ്പോലെ മൂകരായിരുന്നോ...?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

