വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയയായി ഷിംന കല്ലടി
text_fieldsഷിംന കല്ലടി
മനാമ: വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചു ശ്രദ്ധേയയാകുകയാണ് ബഹ്റൈൻ പ്രവാസിയായ മലപ്പുറം ജില്ലയിലെ താഴേക്കോട് സ്വദേശിനി ഷിംന കല്ലടി. ബഹ്റൈൻ റിഫയിലെ ഡോ. ഹൈതം ഐ ക്ലിനിക്കിൽ ഒപ്ടോമെട്രിസ്റ്റ് ആയി ജോലി ചെയ്യുന്ന ഷിംന സംഘാടനം, ജീവ കാരുണ്യ പ്രവർത്തനം, എഴുത്ത്, ചിത്ര രചന, ക്രാഫ്റ്റ് വർക്ക്, മോട്ടിവേഷൻ ക്ലാസ്, മെഡിറ്റേഷൻ, പാചകം തുടങ്ങി വ്യത്യസ്ഥ മേഖലകളിലാണ് തിളങ്ങുന്നത്. മലപ്പുറം ജില്ലയിലെ താഴേക്കോടാണ് ജനനമെങ്കിലും ഉമ്മ ഷാഹിദയുടെ പാണ്ടിക്കാട്ടുള്ള കുടുംബവീട്ടിലായിരുന്നു ഷിംനയുടെ ബാല്യം. ഏഴാം വയസ്സിൽ പിതാവ് മുഹമ്മദ് സാദിക്കിനെ നഷ്ടപ്പെട്ടപ്പോൾ, പ്രതിസന്ധികളോട് പൊരുതി മുന്നേറാനുള്ള കരുത്ത് ഉമ്മയിൽ നിന്നാണ് ഷിംന ആർജിച്ചത്.
പെരിന്തൽമണ്ണ അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ നിന്ന് ബി.എസ്.സി, എം.എസ്.സി ബിരുദങ്ങൾ നേടിയാണ് പ്രൊഫഷണൽ രംഗത്തേക്ക് ചുവടുവെച്ചത്. വിവാഹ ശേഷം 2013-ൽ മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ ഭർത്താവ് അതീബ് ഷരീഫിനൊപ്പം ബഹ്റൈനിലെത്തിയതോടെയാണ് ഷിംനയുടെ ജീവിതത്തിന്റെ പുതിയൊരു അധ്യായം ആരംഭിക്കുന്നത്. അൽ വസ്സാൻ ഒപ്റ്റീഷ്യൻസിൽ ഒപ്റ്റോമെട്രിസ്റ്റായി ജോലിയിൽ പ്രവേശിച്ച അവർ, തൊഴിലിനൊപ്പം തന്നെ തന്റെ ഉള്ളിലെ സർഗ്ഗാത്മകതയെയും വളർത്തി.
കനോലി നിലമ്പൂർ കൂട്ടായ്മയുടെ വേദിയിൽ ഒപ്പനയിലെ മണവാട്ടിയായാണ് പ്രവാസ ലോകത്ത് കലാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഇതേ കൂട്ടായ്മയുടെ 'നിലമ്പൂരോണം' വേദിയിലൂടെ മികച്ചൊരു അവതാരകയായും ഷിംന ശ്രദ്ധിക്കപ്പെട്ടു.
'മലബാർ അടുക്കള' കൂട്ടായ്മയിലൂടെ നിരവധി പാചക-പൂക്കള മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. എഴുത്തിനോടുള്ള വല്ലാത്തൊരു താല്പര്യം കാരണം ഗൾഫ് മാധ്യമം ഉൾപ്പെടെയുള്ള പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങളും അനുഭവക്കുറിപ്പുകളും എഴുതി വായനക്കാരുടെ മനസ്സ് കീഴടക്കാനും ഈ ഒപ്റ്റോമെട്രിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. മികച്ച സംഘാടക കൂടിയായ ഷിംന കെ.എം.സി.സി ഈസ ടൗൺ ഏരിയ ലേഡീസ് വിംഗ് പ്രസിഡന്റ്, കനോലി നിലമ്പൂർ കൂട്ടായ്മയുടെ ചാരിറ്റി വിംഗ് കൺവീനർ എന്നീ നിലകളിൽ മികച്ച ജീവകാരുണ്യ-സംഘാടന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളെയും പ്രവാസികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെയും തിരിച്ചറിഞ്ഞ ഷിംന, മനഃശാസ്ത്ര പഠനത്തിലേക്ക് തിരിയുകയായിരുന്നു. സൈക്കോളജിയിൽ ഡിപ്ലോമ നേടിയ ശേഷം സി.ബി.ടി, ജി.സി തുടങ്ങിയ കോഴ്സുകളിലൂടെ ഹിപ്നോതെറാപ്പി, ബിഹേവിയറൽ തെറാപ്പി, കൗൺസിലിംഗ് രീതികൾ എന്നിവയിൽ വൈദഗ്ധ്യം നേടി. തന്റെ ഈ ബഹുമുഖ പ്രവർത്തനങ്ങൾക്കെല്ലാം ഊർജ്ജമായി നിൽക്കുന്നത് തൻ്റെ വലിയൊരു കുടുംബമാണെന്ന് ഷിംന പറഞ്ഞു.
ഷിംന ഭർത്താവ് അതീബ് ഷരീഫ്, മക്കളായ മുഹമ്മദ് സയാൻ, അയാൻ അഹ്മദ് (രണ്ടു പേരും ഏഷ്യൻ സ്കൂൾ വിദ്യാർത്ഥികൾ), ഇയാൻ ഹാമിദ്, ഉമ്മ ഷാഹിദ, അനിയത്തി ഷിഫ, അനിയത്തിയുടെ ഭർത്താവ് ഫാസിൽ എന്നിവരോടൊപ്പം ബഹ്റൈനിൽ ഈസ ടൗണിലെ വീട്ടിൽ ഒന്നിച്ചാണ് താമസം. സേവനവും സൃഷ്ടിപരതയും ഒരുപോലെ ഹൃദയത്തോട് ചേർത്തുപിടിച്ച്, തന്റെ പ്രവാസജീവിതം മറ്റുള്ളവർക്ക് കൂടി പ്രയോജനപ്രദമാക്കുന്ന ഷിംന കല്ലടി, പ്രവാസ ലോകത്തെ വനിതകൾക്ക് മാതൃകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

