ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടി ഇന്ന്; ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നിർവഹിക്കും
text_fieldsമനാമ: കേരളത്തിന്റെ സാമൂഹിക, മത, രാഷ്ട്രീയ രംഗങ്ങളിൽ സൗമ്യതയുടെയും സമവായത്തിന്റെയും മാനവികതയുടെയും പ്രതീകമായി നിറഞ്ഞുനിന്ന മുസ്ലിം ലീഗിന്റെ നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 17-ാമത് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഇന്ന് രാത്രി 8.00 മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. മുസ്ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ശിഹാബ് തങ്ങൾ, രാഷ്ട്രീയ നേതൃത്വത്തിനപ്പുറം മതപണ്ഡിതൻ, ജീവകാരുണ്യ പ്രവർത്തകൻ, സമാധാനത്തിന്റെ സന്ദേശവാഹകൻ എന്നീ നിലകളിലും ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ സംവാദത്തിലൂടെയും സഹിഷ്ണുതയിലൂടെയും പരിഹരിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട് കേരളത്തിന്റെ പൊതുജീവിതത്തിൽ മാതൃകാപരമായി വിലയിരുത്തപ്പെടുന്നു.
വിദ്യാഭ്യാസ പുരോഗതി, സാമൂഹിക ഐക്യം, മതസൗഹാർദം, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണം എന്നിവയ്ക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനം ഇന്നും സമൂഹത്തിന് പ്രചോദനമാണ്. കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസി സമൂഹത്തോടും അദ്ദേഹം പുലർത്തിയ ആത്മബന്ധവും കരുതലും പ്രവാസികളുടെ മനസ്സിൽ ഇന്നും സജീവമാണ്. പരിപാടിയിൽ കെ.എം.സി.സി നേതാക്കളും വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. മുഴുവൻ പ്രവർത്തകരും അഭ്യുദയകാംക്ഷികളും കൃത്യ സമയത്ത് തന്നെ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

