പ്രതിരോധ സഹകരണം ശക്തമാക്കും യു.എസ് മറൈൻ ഫോഴ്‌സ് കമാൻഡറുമായി കൂടിക്കാഴ്ച നടത്തി ശൈഖ് നാസർ
text_fieldsയു.എസ് മറൈൻ ഫോഴ്‌സ് കമാൻഡറും ശൈഖ് നാസറും കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്‌റൈൻ നാഷണൽ സെക്യൂരിറ്റി ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, യു.എസ് മറൈൻ ഫോഴ്‌സ് സെൻട്രൽ കമാൻഡ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ജോസഫ് ക്ലിയർഫീൽഡുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ദൃഢമായ ബന്ധത്തെയും വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തെയും കൂടിക്കാഴ്ചയിൽ അദ്ദേഹം പ്രശംസിച്ചു.
റോയൽ ഗാർഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ഹിസ് ഹൈനസ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ശൈഖ് ഖാലിദ് ബിൻ അലി ബിൻ ജാബർ ആൽ ഖലീഫ, ബഹ്‌റൈനിലെ യു.എസ് അംബാസഡർ സ്റ്റെഫാനി ലിൻ ഹാലറ്റ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള തന്ത്രപരമായ കരാറുകൾ കൂടുതൽ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് നാസർ ചൂണ്ടിക്കാട്ടി. ഏറ്റവും പുതിയതായ സമഗ്ര സുരക്ഷ കരാർ പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയുടെ വികസനത്തിനും വലിയ പങ്കുവഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ പ്രാദേശികവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രാദേശിക സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ഏകോപനവും കൂടിയാലോചനകളും അത്യാവശ്യമാണെന്ന് കൂടിക്കാഴ്ച വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

