ശൈഖ് നാസിർ ബിൻ ഹമദ് സൈക്ലിങ് ടൂർ; അഞ്ചാം പതിപ്പിന് നവംബർ അഞ്ചിന് തുടക്കം
text_fieldsമനാമ: ബഹ്റൈനിൽ അമച്വർ സൈക്ലിസ്റ്റുകൾക്കായുള്ള നാസിർ ബിൻ ഹമദ് സൈക്ലിങ് ടൂറിന്റെ അഞ്ചാം പതിപ്പിന് നവംബർ അഞ്ചിന് തുടക്കമാകും.രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധി ഹൈനസ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയാണ് ടൂറിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ബഹ്റൈൻ സൈക്ലിങ് അസോസിയേഷന് നിർദേശം നൽകിയത്.ഫാലിയാത്ത് കമ്പനിയുമായി സഹകരിച്ചാണ് സൈക്ലിങ് ടൂർ സംഘടിപ്പിക്കുന്നത്. കായികരംഗത്തെ ഒരു ജീവിതശൈലിയായി പ്രോത്സാഹിപ്പിക്കുക, പൊതുജനാരോഗ്യത്തിലും ജീവിത നിലവാരത്തിലുമുള്ള അതിന്റെ നല്ല സ്വാധീനം ഉയർത്തിക്കാട്ടുക എന്നീ ലക്ഷ്യങ്ങളാണ് ടൂറിനുള്ളതെന്ന് ശൈഖ് നാസിർ ബിൻ ഹമദ് ഊന്നിപ്പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലൂടെ കടന്നുപോകുന്ന ടൂർ, ബഹ്റൈനിലെ ടൂറിസം കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ശൈഖ് നാസിർ ചൂണ്ടിക്കാട്ടി.
ബഹ്റൈൻ പൗരന്മാർക്കും ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും കായിക വിനോദങ്ങളിൽ ഏർപ്പെടാനും പുതിയ പ്രാദേശിക പ്രതിഭകളെ കണ്ടെത്താനും ഇത് അവസരം നൽകുന്നു.വർധിച്ചുവരുന്ന കായിക സംസ്കാരത്തിന് പിന്തുണ നൽകുന്നതിനും മത്സര കായിക ഇനങ്ങളിൽ യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമാകും.പങ്കാളിത്തത്തിന്റെ കാര്യത്തിലും മത്സരത്തിന്റെ ആവേശത്തിലും ടൂർ സ്ഥിരമായി ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. ബഹ്റൈനിലെ പ്രമുഖ കായിക ഇവന്റുകളിലൊന്നാണിത്. ഈ വർഷത്തെ പതിപ്പിന്റെ വിജയം ഉറപ്പാക്കാൻ വിവിധ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഹൈനസ് ശൈഖ് നാസിർ ഊന്നിപ്പറഞ്ഞു. ബഹ്റൈനികൾ, വിദേശികൾ, മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സൈക്ലിസ്റ്റുകൾ എന്നിവരുൾപ്പെടെ വിവിധ വിഭാഗത്തിലുള്ള മത്സരാർഥികൾ അഞ്ചാം പതിപ്പിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

