മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്; ശൈഖ് നാസിറിന് വിജയം
text_fieldsമോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ വിജയം നേടുന്ന ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ 160 കിലോ മീറ്റർ കുതിരയോട്ട മത്സരത്തിൽ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് ഒന്നാം സ്ഥാനം.
8 മണിക്കൂറും 32 മിനിറ്റും 50 സെക്കൻഡുമെടുത്താണ് റോയൽ എൻഡ്യൂറൻസ് ടീം ക്യാപ്റ്റനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സിൽ ഹമദ് രാജാവിന്റെ പ്രതിനിധിയുംകൂടിയായ ശൈഖ് നാസിർ വിജയം നേടിയത്. അബൂദബിയിൽ നടന്ന ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിലും ശൈഖ് നാസിർ വിജയിച്ചിരുന്നു. ഡാർക്കോ ലാ മജോറി എന്ന കുതിരയെ ഓടിച്ചാണ് വിജയം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും അചഞ്ചലമായ പിന്തുണ വിജയം നേടാൻ സഹായകരമായെന്നും നന്ദി അറിയിക്കുകയാണെന്നും ശൈഖ് നാസിർ പറഞ്ഞു.
പുതിയ വിജയം ബഹ്റൈനിലെ കായികരംഗത്തിന് പ്രചോദകമാകും. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫക്കും ശൈഖ് നാസിർ നന്ദി അറിയിച്ചു. റോയൽ എൻഡ്യൂറൻസ് ടീമിലെ തന്നെ മുഹമ്മദ് അൽ-ഹാഷിമി രണ്ടാം സ്ഥാനത്തെത്തി. ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, അൽജീരിയ, ഫ്രാൻസ്, ഓസ്ട്രിയ, റുമേനിയ, ആസ്ട്രേലിയ, ചൈനീസ് തായിപേയി, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ്, പോർചുഗൽ, സ്വിറ്റ്സർലൻഡ്, യു.എസ്.എ, കൊളംബിയ എന്നിവിടങ്ങളിൽനിന്നുള്ള കുതിരയോട്ടക്കാരാണ് മത്സരത്തിൽ പങ്കെടുത്തത്.
ശൈഖ് നാസിർ ബിൻ ഹമദിന് അഭിനന്ദന പ്രവാഹം
മനാമ: ഫ്രാൻസിൽ നടന്ന മോൺപസിയർ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ 160 കിലോ മീറ്റർ കുതിരയോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് അഭിനന്ദന പ്രവാഹം .
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്ഡ് സ്പോർട്സ് ഒന്നാം ഡെപ്യൂട്ടി പ്രസിഡന്റും സ്പോർട്സ് അതോറിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ശൈഖ് നാസിറിന്റെ നേട്ടത്തിൽ ആഹ്ലാദവും സന്തോഷവും പ്രകടിപ്പിക്കുകയും കായികരംഗത്ത് കൂടുതൽ നേട്ടങ്ങൾ വാരിക്കൂട്ടാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം തുടങ്ങി ഒട്ടേറെ പ്രമുഖർ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.