ശൈഖ് ഖലീഫ സൽമാൻ ഹൈവേ അപകടം; പരിക്കേറ്റ കുട്ടികൂടി മരിച്ചു
text_fieldsഅപകട ദൃശ്യം ഇൻസെറ്റിൽ അബ്ദുൽ അസീസ്
മനാമ: മേയ് 30ന് പുലർച്ച ശൈഖ് ഖലീഫ സൽമാൻ ഹൈവേയിലുണ്ടായ കാറപടകടത്തിൽ പരിക്കേറ്റ കുട്ടികളിൽ ഒരാൾ മരിച്ചു. അപകടത്തിൽ സംഭവസ്ഥലത്ത് തന്നെ മരിച്ച അഹമ്മദ് ഇബ്രാഹിം (40), ഫാത്തിമ അബ്ബാസ് (36) എന്നിവരുടെ ഏഴു വയസ്സുള്ള ഇളയ മകൻ അബ്ദുൽ അസീസ് ആണ് ഇന്നലെ മരിച്ചത്. അഞ്ചുപേരടങ്ങുന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതിൽ അബ്ദുൽ അസീസും സഹോദരൻ യൂസഫും (ഒമ്പത്) ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇരുവർക്കും തലക്കാണ് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം കാരണം അബ്ദുൽ അസീസും യൂസഫും കോമയിലായിരുന്നു. കാലുകൾക്ക് ശസ്ത്രക്രിയ ആവശ്യമായി വന്ന 12 വയസ്സുകാരിയായ മൂത്തമകൾ അയ അപകടനില തരണം ചെയ്യുകയും ആശുപത്രി വിടുകയും ചെയ്തു.
വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിൽ നിയന്ത്രണം വിട്ടെത്തിയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനത്തിലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഡ് നിയമങ്ങൾ ലംഘിച്ച് അമിത വേഗത്തിലും ലഹരി ഉപയോഗിച്ചും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പബ്ലിക് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെ റിപ്പോർട്ട് അനുസരിച്ച് നിയന്ത്രണം വിട്ട് തെന്നിമാറിയ ഇയാളുടെ വാഹനം കുടുംബം സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കേസ് ക്രിമിനൽ കോടതിയിൽ വിചാരണക്കെടുക്കും.ബന്ധുക്കളെയും അടുപ്പക്കാരെയും ദുഃഖത്തിലാഴ്ത്തിയ അപകടത്തിൽ ഇളയ മകൻകൂടി വിടവാങ്ങിയത് കനത്ത ആഘാതമായി. രണ്ടാമത്തെ മകൻ യൂസഫ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച പുലർച്ച മർഖിലെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽനിന്ന് സാറിലേക്കുള്ള സൈഡ് റോഡിലാണ് ദുരന്തം നടന്നത്. അഹമ്മദ് ഇബ്രാഹിമിന്റെയും ഭാര്യയുടെയും മരണാനന്തര ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

