Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശാന്തിസദനം ‘ആർദ്രം’...

ശാന്തിസദനം ‘ആർദ്രം’ ശിശുദിനത്തിൽ; പി.എം.എ. ഗഫൂർ ബഹ്റൈനിലെത്തുന്നു

text_fields
bookmark_border
ശാന്തിസദനം ‘ആർദ്രം’ ശിശുദിനത്തിൽ; പി.എം.എ. ഗഫൂർ ബഹ്റൈനിലെത്തുന്നു
cancel
camera_alt

ശാന്തി സദനം ‘ആർദ്രം’ പരിപാടിയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽനിന്ന്

മനാമ: ശാന്തിസദനം ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആർദ്രം25 എന്ന പേരിൽ ശിശുദിനത്തിൽ വിപുലമായ സ്നേഹസംഗമം ഒരുക്കുന്നു. കേരളത്തിൽ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂറിന്റെ പ്രഭാഷണമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. നവംബർ 14ന് വൈകീട്ട് ഏഴിന് സൽമാനിയ കെ.സിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭിന്നശേഷി വിദ്യാർഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ദൃശ്യ ശ്രാവ്യ ആവിഷ്കാരവും അരങ്ങേറും. കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ പ്രചാരണാർഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ പയ്യോളി പുറക്കാട് കേന്ദ്രമായി കഴിഞ്ഞ 16 വർഷമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമാണ് ശാന്തിസദനം സ്‌കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ്. 2009ൽ ആരഭിച്ച ഈ സ്‌കൂളിൽ നിർധന പശ്ചാത്തലത്തിൽ നിന്നുള്ളവരും വിഭിന്ന ശേഷികളുള്ള ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വിദ്യാസദനം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ശാന്തിസദനം കേരളത്തിലെ ഏറ്റവും മികച്ച അഞ്ച് ഭിന്നശേഷി വിദ്യാലയങ്ങളിലൊന്നായി ബാലാവകാശ കമീഷന്റെ സാക്ഷ്യപത്രം ലഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ്.

പഠനം, തെറപ്പികൾ, വാഹനം, പഠന യാത്രകൾ, വിനോദ പര്യടനങ്ങൾ, ഭക്ഷണം, തൊഴിൽ പരിശീലനം എന്നിവയെല്ലാം ഇവിടെ പൂർണമായും സൗജന്യമാണ്. അധ്യാപകരുടെ അർപ്പണ ബോധവും വിദ്യാർഥികൾക്ക് ലഭിക്കുന്ന മികച്ച ശ്രദ്ധയും ഉയർന്ന അക്കാദമിക നിലവാരവും വേറിട്ട പഠന രീതികളും പരിശീലന പരിപാടികളുമാണ് ശാന്തിസദനത്തിന്റെ പ്രത്യേകതകൾ. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളെ അതിരാവിലെ വാഹനങ്ങളിൽ ഇവിടേക്ക് കൊണ്ടുവരുന്നു. അവർക്ക് കരുതലും സ്നേഹവും നൽകുന്നു. അതിജീവനത്തിനാവശ്യമായ അറിവുകൾ പകർന്ന് നൽകാൻ പ്രത്യേക പഠന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.

മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി തിയറ്റർ ശൈലിയിലുള്ള വിദ്യാഭ്യാസ രീതിയാണിവിടെ അവലംബിക്കുന്നത്. ഓരോ തീമുകൾ തെരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് കുട്ടികൾ പഠിക്കുന്നു. വിഭിന്ന ശേഷികളുള്ള ഈ വിദ്യാർഥികളുടെ സർഗസിദ്ധികൾ വളർത്താനും അവർക്ക് തൊഴിൽ നൈപുണി വികസിപ്പിക്കാനും ഇവിടെ സംവിധാനമുണ്ട്. വ്യത്യസ്ത തൊഴിൽ യൂനിറ്റുകളും ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി യൂനിറ്റുകളും സ്ഥാപനത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഭിന്നശേഷി വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള എസ്. മായ ആണ് പ്രിൻസിപ്പൽ. ഒരു സംഘം മനുഷ്യസ്നേഹികളുടെ കഠിനാധ്വാനവും നല്ല മനുഷ്യരുടെ പിന്തുണയും വഴിയാണു സ്ഥാപനത്തെ നിലനിർത്തുന്നത്. ഈ കുട്ടികൾക്ക് ഭാവിയിൽ താമസിച്ച് പഠിക്കാനായി ഒരു റസിഡൻഷ്യൽ സ്കൂൾ പടുത്തുയർത്തുക എന്നത് ഒരു ചിരകാല സ്വപ്നമാണ്. അത് ഒരു യാഥാർഥ്യമാക്കാനാണ് ഇപ്പോഴത്തെ പരിശ്രമം. ശാന്തിസദനത്തിന്റെ അനിവാര്യമായ തുടർച്ചയും വികാസവുമാണ് ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്

(സിറാസ്) എന്ന പുതു സംരംഭം. ഭിന്നശേഷി വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാൻ വിപുലമായ സൗകര്യങ്ങളോടെ വിശാലമായ ക്യാമ്പസ് ഒരുക്കാനാണ് പദ്ധതി. തൊഴിൽ, ജീവിത നൈപുണി പരിശീലനങ്ങളിലൂടെ അവർക്ക് വളരാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള റസിഡൻഷ്യൽ കേന്ദ്രവും, പഠന, ഗവേഷണ സൗകര്യങ്ങളുമാണ് സിറാസിലൂടെ വിഭാവന ചെയ്യുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂൾ എന്ന അഭിലാഷത്തിന്റെ സാഫല്യമാണ് സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സിറാസ് റിഹാബ് വില്ലേജ്.

വിഭിന്ന ശേഷികൾ വളരെ നേരത്തെ തിരിച്ചറിഞ്ഞ് അതിജീവനവും ചികിൽസയുമൊരുക്കാൻ റസിഡൻഷ്യൽ ഏർളി ഇൻ്റർവെൻഷൻ ആൻഡ് ഫാമിലി സപ്പോട്ട് സെന്‍റർ, സൈക്കോളജിക്കൽ & മെഡിക്കൽ ട്രീറ്റ്മെന്റ്, മെഡിക്കൽ & പാരാമെഡിക്കൽ സെന്റർ ഫോർ കമ്യൂണിറ്റി ഡവലപ്മെന്റ്, ട്രെയിനിങ് സെന്റർ ഫോർ സ്പെഷൽ എജുക്കേഷൻ, ടെമ്പററി കെയർ ഹോം ഫോർ മെന്റലി ചലഞ്ച്ഡ്, ഫാമിലി ഗസ്റ്റ് ഗൗസ്, 18 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വൊക്കേഷനൽ ​ട്രെയിനിങ് സെന്റർ, സ്കിൽ ഡെവലപ്മെന്റ് സെന്റർ, വിപുലമായ വൊക്കേഷനൽ യൂനിറ്റ് സെന്റർ ഫോർ റിസർച് & അഡ്വാൻസ് സ്റ്റഡീസ് എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് സൗകര്യങ്ങളോടെ പഠന, ഗവേഷണ മികവോടെ ഒരു മികച്ച പുനരധിവാസ കേന്ദ്രമാണ് സിറാസ് എന്ന പേരിൽ ഒരുക്കുന്നത്. സിറാസിനായി പയ്യോളി പേരാമ്പ്ര ദേശീയ പാതയോട് ചേർന്ന്, മേപ്പയ്യൂർ വിളയാട്ടൂർ പ്രദേശത്ത് പതിനാല് ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട്.

ഭിന്നശേഷി വിദ്യാർഥികളുടെ അതിജീവനം, പരിചരണം, ചികിൽസ, പുനരധിവാസം, ഗവേഷണം എന്നിവ സാധ്യമാക്കാനായി പടുത്തുയർത്തുന്ന ഈ സമുച്ചയത്തിന്റെ പ്രചാരണാർഥമാണ് ആർദ്രം പരിപാടി സംഘടിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് കേരളത്തിലെ ജനപ്രിയ മോട്ടിവേഷൻ സ്പീക്കറും ലൈഫ് കോച്ചുമായ പി.എം.എ ഗഫൂർ വീണ്ടും ബഹ്റൈനിലെത്തുന്നത്. പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും. പ്രഭാഷണം കേൾക്കാനായി ബഹ്റൈനിലെ പ്രവാസികളെയും കുടുംബങ്ങളെയും സ്നേഹപൂർവം സ്വാഗതം ചെയുന്നതായി സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം പ്രവർത്തിച്ചുവരുന്നുണ്ട്. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ നിസാർ കൊല്ലം, ജനറൽ കൺവീനർ ഇ.വി. രാജീവൻ, വൈസ് ചെയർമാൻമാരായ ജമാൽ ഇരിങ്ങൽ, റഫീഖ് അബ്ദുല്ല, മോനി ഒടിക്കണ്ടത്തിൽ, കൺവീനർമാരായ ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ്, ശാന്തി സദനം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ മജീദ് തണൽ, പ്രസിഡന്റ് രാധാകൃഷ്ണൻ കെ, ജനറൽ സെക്രട്ടറി വി.എം. ഹംസ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഫ്സൽ കളപ്പുരയിൽ, ട്രഷറർ ജാബിർ എം എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abled studentsBahrain NewsChildren's Day CelebrationPMA Ghafoor
News Summary - Shanthisadanam 'Ardram' on Children's Day; PMA Ghafoor arrives in Bahrain
Next Story