പ്രവാസി വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തും; അഡ്വ. ഷാനിമോൾ ഉസ്മാൻ
text_fieldsഐ.വൈ.സി.സി സംഘടിപ്പിച്ച “വിസ്മയത്തിന്റെ നൂറ് ദിനങ്ങൾ” പരിപാടിയിൽ അഡ്വ. ഷാനിമോൾ ഉസ്മാൻ
മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഐ.വൈ.സി.സി സംഘടിപ്പിച്ച 'വിസ്മയത്തിന്റെ നൂറ് ദിനങ്ങൾ' എന്ന പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആശങ്കകളും ഡെപ്യൂട്ടി സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രവാസികളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിമാന ടിക്കറ്റ് നിരക്കിലെ വർധന, പാസ്‌പോർട്ട് പുതുക്കി ലഭിക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചടങ്ങിൽ ഉന്നയിച്ചത്. നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്കിലുണ്ടാകുന്ന വർധന വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി.
പാസ്‌പോർട്ട് പുതുക്കുന്നതിനും പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതിനുമുള്ള കാലതാമസം പ്രവാസികൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമായി അവതരിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസവും പുനഃസംയോജനവും സംബന്ധിച്ച വിഷയവും വിശദമായി അവതരിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവ ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിൽ എത്തിക്കുകയും ചെയ്യുന്നതിൽ ഇത്തരം കൂടിക്കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
പ്രവാസികൾ നേരിടുന്ന വിഷയങ്ങളിൽ കൂടുതൽ സംവാദങ്ങളും ഇടപെടലുകളും ആവശ്യമാണെന്നും യോഗത്തിൽ ചർച്ചയായി. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി സലിം അബൂതാലിബ് സ്വാഗതം ആശംസിച്ചു, ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം വിൻസു കൂത്തപ്പള്ളി ആശംസകൾ അർപ്പിച്ചു. ആർട്സ് വിംഗ് കൺവീനർ അനൂപ് തങ്കച്ചൻ യോഗം നിയന്ത്രിച്ചു. ആക്ടിങ് ട്രഷറർ സന്ദീപ് ശശീന്ദ്രൻ നന്ദി രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ആശങ്കകളും ശക്തമായി ഉന്നയിക്കുന്നതിനും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഇടപെടലുകൾക്ക് തുടക്കം കുറിക്കുന്നതിനുമുള്ള ഐ.വൈ.സി.സി ബഹ്‌റൈന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 'വിസ്മയത്തിന്റെ നൂറ് ദിനങ്ങൾ' പരിപാടി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

