സഹിഷ്ണുതയും സഹവർത്തിത്വവും മാനവ പുരോഗതിയുടെ അടിസ്ഥാനം -ശൈഖ് ഉസാമ ഫുആദ് ഉബൈദ്
text_fields‘സ്നേഹദൂതനായ പ്രവാചകൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സൗഹൃദസമ്മേളനം ശൈഖ് ഉസാമ ഫുആദ് ഉബൈദ് ഉദ്ഘാടനംചെയ്യുന്നു
മനാമ: പരസ്പരമുള്ള സഹിഷ്ണുതയും സഹവർത്തിത്വവുമാണ് മാനവിക പുരോഗതിയുടെ അടിസ്ഥാനമെന്ന് ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖത്തീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് പ്രസ്താവിച്ചു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി 'സ്നേഹദൂതനായ പ്രവാചകൻ' എന്ന പ്രമേയത്തിൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സൗഹൃദസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതസമൂഹങ്ങളെയും വിവിധ വിഭാഗങ്ങളെയും ഉൾക്കൊള്ളാൻ വിശാലതയുള്ള രാജ്യമാണ് ബഹ്റൈൻ. ഈ വിശാലതയും ഉൾക്കൊള്ളലുമാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. നമ്മുടെ കൈയിലുള്ളതൊക്കെയും പരസ്പരം പങ്കു വെക്കാൻ സന്നദ്ധരാവണം. വിശ്വമാനവികതയും മനുഷ്യർക്കിടയിൽ കലർപ്പില്ലാത്ത സ്നേഹവുമാണ് പ്രവാചകൻ ലോകത്തിനു മുന്നിൽ സമർപ്പിച്ചത്.
മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും ഭാഷയുടെയും പേരിലുള്ള എല്ലാവിധ വേർതിരിവുകളെയും അദ്ദേഹം നിരാകരിക്കുന്നു. വർത്തമാനകാല സമൂഹത്തിൽ മനുഷ്യർക്കിടയിൽ പകയും വിദ്വേഷവും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്. മതവിശ്വാസികൾ തങ്ങളുടെ മൂലപ്രമാണങ്ങളിലേക്കും അടിസ്ഥാനങ്ങളിലേക്കും മടങ്ങേണ്ടതുണ്ട്. പരസ്പരമുള്ള ആദരവും ചേർത്തുപിടിക്കലുമാണ് അവിടെ നമുക്ക് കാണാനാവുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ പ്രഭാഷകനും ആക്ടിവിസ്റ്റുമായ സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി.
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യു, ഇസ്കോൺ ബഹ്റൈൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം. അബ്ബാസ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, ഫ്രൻഡ്സ് വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, എം.എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ്, കാമ്പയിൻ കൺവീനർ പി.പി. ജാസിർ എന്നിവരും സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.