ശൈഖ് സൽമാൻ റോഡ് ജങ്ഷൻ നവീകരണം ദ്രുതഗതിയിൽ
text_fieldsമുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് ശൈഖ് സൽമാൻ റോഡ് ജങ്ഷൻ നവീകരണം വിലയിരുത്തുന്നു
മനാമ: ശൈഖ് ഈസ ബിൻ സൽമാൻ റോഡിനെയും ശൈഖ് സൽമാൻ റോഡിനെയും ബന്ധിപ്പിക്കുന്ന ജങ്ഷൻ വികസിപ്പിക്കുന്നതിനും ഹരിതവത്കരിക്കുന്നതിനുമുള്ള നടപടികൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു. കഴിഞ്ഞ ദിവസം പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിക്കാവശ്യമായ അനുമതികളെല്ലാം ഇതിനകം നൽകിക്കഴിഞ്ഞു. സെപ്റ്റംബർ 11ന് ആരംഭിച്ച നവീകരണ പ്രവൃത്തികൾ അടുത്ത വർഷം സെപ്റ്റംബറിൽ പൂർത്തിയാകും. പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികൾ മന്ത്രി വിലയിരുത്തി. ചെടികൾക്കും മരങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ജലസേചനത്തിനായി സംസ്കരിച്ച മലിനജലം ശേഖരിക്കുന്നതിനുള്ള കോൺക്രീറ്റ് ടാങ്കുകൾ, ജലധാരകളുടെ അറ്റകുറ്റപ്പണികൾ, ജലസേചനത്തിനായി ഭൂമിക്കടിയിൽ ടാങ്കുകൾ തുടങ്ങിയവയാണ് ഇവിടെ നടക്കുന്ന പ്രധാന പ്രവൃത്തികൾ. 2,24,000 ചതുരശ്ര മീറ്റർ സ്ഥലത്ത് വിവിധ ഇനങ്ങളിലുള്ള 5000 മരങ്ങൾ നട്ടുപിടിപ്പിക്കും.
2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം 1.8 ദശലക്ഷത്തിൽനിന്ന് 3.6 ദശലക്ഷമായി വർധിപ്പിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഹരിത മേഖലകളുടെ വിസ്തൃതി വർധിപ്പിച്ച് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം തുടരുമെന്ന് വാഇൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.