ജി.സി.സി ഉച്ചകോടി: ഖത്തറുണ്ടെങ്കിൽ ഞങ്ങളില്ലെന്ന് ബഹ്റൈൻ
text_fieldsമനാമ: അടുത്ത ജി.സി.സി ഉച്ചകോടിയിൽ ഖത്തർ സാന്നിധ്യമുണ്ടാവുകയാണെങ്കിൽ, ബഹ്റൈെൻറ പ്രാതിനിധ്യം ഉണ്ടാകില്ലെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. ഡിസംബറിൽ കുവൈത്തിലാണ് ഉച്ചകോടി നടക്കാനിരിക്കുന്നത്.
എന്നാൽ, നിലവിൽ ഖത്തറിനെതിരെ സൗദി,ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ സ്വീകരിച്ച ശക്തമായ നിലപാടിന് അയവുവരാത്ത സാഹചര്യത്തിൽ, ഉച്ചകോടി 2018 പകുതിയിലേക്ക് മാറ്റാനും സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം തെൻറ ട്വിറ്റർ എക്കൗണ്ടിലൂടെയാണ്, ഉച്ചകോടിയിൽ ഖത്തറുണ്ടെങ്കിൽ ബഹ്റൈനുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്. നാൾക്കുനാൾ കഴിയുന്തോറും ഇറാനുമായി അടുക്കുകയാണ് ഖത്തറെന്നും വൈദേശിക ശക്തികൾക്ക് അവർ ആതിഥ്യമേകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ജി.സി.സിയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്.ഖത്തറിെൻറ ജി.സി.സി അംഗത്വം മരവിപ്പിക്കണം. ആ ഘട്ടത്തിൽ അവർ സഖ്യരാഷ്ട്രങ്ങൾ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കും. ഖത്തറിെൻറ ഗൂഢാലോചനകൾക്ക് ഏറ്റവും വലിയ വില നൽകേണ്ടി വന്നത് ബഹ്റൈനാണ്. ആ രാജ്യത്തിെൻറ നയങ്ങൾ വിശാല അറബ് സുരക്ഷക്ക് തന്നെ ഭീഷണിയാണ്. അതുകൊണ്ടാണ് തെറ്റ് തിരുത്തും വരെ ദോഹയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. -ശൈഖ് ഖാലിദ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലാണ് സൗദി അറേബ്യ, യു.എ. ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചത്. ബന്ധം പുനഃസ്ഥാപിക്കാനായി ചതുർരാഷ്ട്ര സഖ്യം മുന്നോട്ടുവെച്ച 13 ഇന നിർദേശങ്ങൾ ഖത്തർ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
