ഡിസൈനിങ്ങിലും കലാ രംഗത്തും ബിരുദ നേട്ടവുമായി ഷഹ്മ അബ്ദുല്ല
text_fieldsഷഹ്മ അബ്ദുല്ല
മനാമ: സിംഗപ്പൂരിൽ ഡിസൈനിംഗിലും കലാ രംഗത്തും ശ്രദ്ധേയ നേട്ടവുമായി ബഹ്റൈൻ പ്രവാസിയും കാസർകോട് സ്വദേശിനിയുമായ ഷഹ്മ അബ്ദുല്ല. സിംഗപ്പൂരിലെ പ്രശസ്തമായ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസൈനിംഗ് രംഗത്തും മൾട്ടി-ഡിസിപ്ലിനറി ആർട്ട് രംഗത്തും ബിരുദം പൂർത്തിയാക്കിയാണ് ഷഹ്മ മലയാളികളുടെ അഭിമാനമായി മാറിയത്. കാസർകോട് ബന്തിയോട് പേരൂരിലെ അബ്ദുല്ലയുടെയും മൊഗ്രാൽ പുത്തൂരിലെ ഖദീജത്ത് ഷഫീദയുടെയും മകളായ ഷഹ്മ, പരമ്പരാഗതമായ ഡിസൈൻ രീതികളിൽ നിന്ന് മാറി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയൊരു കലാസൃഷ്ടി രീതിയാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
എക്സ്പീരിയൻസ് ഡിസൈൻ, ഇന്ററാക്റ്റീവ് മീഡിയ ആർട്ട്, ഡാറ്റ അധിഷ്ഠിത ആഖ്യാനങ്ങൾ എന്നിവയെ പരസ്പരം സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് ഷഹ്മയുടെ പരീക്ഷണങ്ങൾ. അന്താരാഷ്ട്ര അംഗീകാരങ്ങളും ഗവേഷണങ്ങളും സിംഗപ്പൂർ എൻ.ടി.യുവിലെ മികച്ച അണ്ടർ ഗ്രാജുവേറ്റ് പുരസ്കാരവും മികച്ച കവർ ഡിസൈൻ പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ ഷഹ്മയെ തേടിയെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര അണ്ടർ ഗ്രാജുവേറ്റ് റിസർച്ചിൽ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ആഗോളതലത്തിലെ വിദഗ്ദ്ധരുടെ പ്രശംസ പിടിച്ചുപറ്റാനും ഈ യുവ പ്രതിഭയ്ക്കായി. സിംഗപ്പൂർ, ഓസ്ട്രിയ, നെതർലാൻഡ്സ് തുടങ്ങിയ വിവിധ വിദേശ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര എക്സിബിഷനുകളിലും ഷഹ്മ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ ജർമ്മനിയിലെ 'യൂണിവേഴ്സിറ്റി ഓഫ് സ്റ്റുട്ട്ഗാർട്ടുമായി' ചേർന്നുള്ള അന്താരാഷ്ട്ര അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമും ഷഹ്മ വിജയകരമായി പൂർത്തിയാക്കി. പ്രതിഭകളുടെ കുടുംബംനേട്ടങ്ങളുടെ കാര്യത്തിൽ ഷഹ്മയുടെ കുടുംബത്തിന് ഇത് പുതിയൊരു അധ്യായമല്ല. കർണാടക സുരത്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എം.ടെക് മറൈൻ സ്ട്രക്ചേഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഖൻസ അബ്ദുല്ലയുടെ സഹോദരി കൂടിയാണ് ഷഹ്മ.
സാങ്കേതികവിദ്യയും കലയും ഒന്നിക്കുന്ന ആധുനിക യുഗത്തിൽ ലോകത്തിന് മുന്നിൽ ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും പേര് അഭിമാനത്തോടെ ഉയർത്തുകയാണ് ഈ കാസർകോടുകാരി. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹത്തിനും ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഷഹ്മയുടെ ഈ വിജയഗാഥ വലിയൊരു പ്രചോദനമാണ് നൽകുന്നത്. പിതാവ് അബ്ദുല്ലയും മാതാവ് ഖദീജത്ത് ഷഫീദയും ബഹ്റൈനിൽ ബിസിനസ് ചെയ്യുന്നവരാണ്. ഷഹ്മയുടെ പ്രാഥമിക വിദ്യാഭ്യാസം ബഹ്റൈനിൽ തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

