ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ് ചാമ്പ്യന്മാർ
text_fieldsഐ.സി.ആർ.എഫും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുത്തവർ
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷനും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച രണ്ടാം വാർഷിക തൊഴിലാളി ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ് ചാമ്പ്യന്മാരായി. രാജ്യത്തെ തൊഴിലാളി സമൂഹത്തിൽ ക്ഷേമവും കായിക മത്സര മനോഭാവവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ടൂർണമെന്റിൽ 16 കമ്പനികളുടെ ടീമുകളാണ് റൗണ്ട്-റോബിൻ ഫോർമാറ്റിൽ മത്സരിച്ചത്. ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ ഔദ്യോഗികമായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി സമൂഹത്തെ പിന്തുണക്കുന്നതിനും ഐക്യം, സഹകരണം എന്നീ തത്ത്വങ്ങൾ നിലനിർത്തുന്നതിനും ഐ.സി.ആർ.എഫ് 25 വർഷമായി തുടരുന്ന പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
ആവേശം നിറഞ്ഞ ഫൈനൽ മത്സരം സ്റ്റീൽ ഫോഴ്സ് മാമ്പയും ഷഹീൻ ഗ്രൂപ്പും തമ്മിലായിരുന്നു. ഷഹീൻ ഗ്രൂപ്പിന്റെ ഷാ ആയിരുന്നു മത്സരത്തിലെ താരം. വെറും 13 പന്തിൽ നിന്ന് നാല് സിക്സറുകളും ഒരു ബൗണ്ടറിയും സഹിതം 36 റൺസ് നേടി ഷാ, ടീമിനെ 63 റൺസിലെത്തിച്ചു. ഷഹീൻ ഗ്രൂപ്പിന്റെ കൃത്യതയാർന്ന ബൗളിങ് ആക്രമണത്തിന് മുന്നിൽ സ്റ്റീൽ ഫോഴ്സ് മാമ്പക്ക് 41 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ടൂർണമെന്റിലുടനീളം മികച്ച വ്യക്തിഗത പ്രകടനങ്ങൾ കാഴ്ചവെച്ച കളിക്കാർക്കുള്ള അംഗീകാരങ്ങളും കൈമാറി. വിജയികൾക്കുള്ള ട്രോഫി ഐ.സി.ആർ.എഫ് ബഹ്റൈൻ ചെയർമാൻ അഡ്വ. വി.കെ. തോമസും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ ഓപറേഷൻസ് ഡയറക്ടർ നൗഷാദും ചേർന്ന് സമ്മാനിച്ചു. ഐ.സി.ആർ.എഫ് ജോയന്റ് സെക്രട്ടറി ജവാദ് പാഷ ടൂർണമെന്റ് കോഓർഡിനേറ്റ് ചെയ്തു. ശിവകുമാർ, ഫൈസൽ മടപ്പിള്ളി, നൗഷാദ് എന്നിവർ നേതൃത്വം നൽകി. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, രാകേഷ് ശർമ്മ, മുരളീകൃഷ്ണൻ, സുരേഷ് ബാബു, കെ.ടി. സലിം, പ്രകാശ് മോഹൻ, ദിലീപ് ഭാട്ടിയ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കായികരംഗത്തിലൂടെ സാമൂഹികസൗഹൃദം വളർത്താനുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷന്റെയും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെയും സംയുക്ത പരിശ്രമത്തിന്റെ വിജയകരമായ നേട്ടമായി ഈ ടൂർണമെന്റ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

