കർഷക അവാർഡ് തിളക്കത്തിൽ ഷാഫി പാറക്കട്ട
text_fieldsഷാഫി പാറക്കട്ട - ബദിയടുക്ക പഞ്ചായത്തിലെ നീർച്ചാലിലുള്ള ഷാഫിയുടെ ഫാം
മനാമ: പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കൃഷിയോടുള്ള സ്നേഹം ഒപ്പം കൊണ്ടുനടക്കുന്ന ഷാഫി പറക്കട്ടക്ക് അവാർഡിെൻറ പൊൻതിളക്കം. കാസർകോട് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിലുള്ള അഗ്രി ഹോര്ട്ടി സൊസൈറ്റിയുടെ ഈ വർഷത്തെ കിസാൻ ജ്യോതി പുരസ്കാരമാണ് ബഹ്റൈൻ പ്രവാസിയും കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ ഷാഫി പാറക്കട്ടയെ തേടിയെത്തിയത്. കാസർകോട് ബദിയടുക്ക പഞ്ചായത്തിലെ നീർച്ചാലിൽ ഇദ്ദേഹം ആരംഭിച്ച ഫാമിനാണ് പുരസ്കാരം ലഭിച്ചത്.
പ്രവാസിയാണെങ്കിലും കൃഷിയെ അതിരറ്റ് സ്നേഹിക്കുന്ന ഇദ്ദേഹം എല്ലാമാസവും നാട്ടിലെത്തിയാണ് കൃഷിയിടവും ഫാമും പരിപാലിക്കുന്നത്. സഹായത്തിന് നാല് ജീവനക്കാരുമുണ്ട്. പച്ചക്കറികൾ, നാടൻകോഴി, കരിങ്കോഴി, ആട്, പശു, ടർക്കി, താറാവ്, അരയന്നം, ഗിനി, കാട, മത്സ്യകൃഷി എന്നിവയാണ് ഫാമിലെ മുഖ്യയിനങ്ങൾ. റംബൂട്ടാൻ, കസ്റ്റേഡ് ആപ്പിൾ, ചിക്കു, മാങ്ങ, പൈനാപ്പിൾ, കരിമ്പ് തുടങ്ങിയവയും വിവിധയിനം ചെടികളും ഫാമിൽ വളരുന്നുണ്ട്. നാല് മീറ്റർ വീതിയും 110 മീറ്റർ നീളവുമുള്ള പാഷൻ ഫ്രൂട്ട് പന്തൽ ഫാമിലെ മുഖ്യ ആകർഷണമാണ്. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കുടുംബത്തിന് ആവശ്യമായ കലർപ്പില്ലാത്ത പച്ചക്കറികൾ സ്വയം ഉൽപാദിപ്പിച്ച് കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിെൻറ രഹസ്യമെന്ന് ഷാഫി സാക്ഷ്യപ്പെടുത്തുന്നു. വീടിനടുത്തുതന്നെ സജ്ജീകരിച്ച ഫാം അഞ്ചേക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ മൂന്നേക്കർ സ്ഥലത്തുള്ള മറ്റൊരു ഫാമും ഇദ്ദേഹത്തിനുണ്ട്.
1985ൽ ബഹ്റൈൻ പ്രവാസം ആരംഭിച്ച ഷാഫി പാറക്കട്ട 1993 വരെ റോയൽ ഫാമിലിക്കൊപ്പമാണ് ജോലി ചെയ്തത്. ജനാബിയയിൽ ഈ കുടുംബത്തിനുണ്ടായിരുന്ന ഫാം കണ്ടാണ് ഇദ്ദേഹത്തിന് കൃഷിയോട് താൽപര്യം തോന്നിയത്. ഇപ്പോൾ വിവിധയിനം കാർഷികോൽപന്നങ്ങൾ വിളയുന്ന തോട്ടം സ്വന്തമായുണ്ടാക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് ഇദ്ദേഹം. ഏത് സ്ഥലത്ത് പോയാലും അവിടെ കാണുന്ന വ്യത്യസ്ത തരം തൈകൾ ഇദ്ദേഹം തെൻറ ഫാമിലേക്ക് കൊണ്ടുവരും. ഫാം നടത്തിപ്പിന് കൃഷി വകുപ്പിെൻറ നല്ല പിന്തുണയും മാർഗ നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഷാഫി പറഞ്ഞു. നിരവധിപേർ ഫാം സന്ദർശിക്കാനും എത്തുന്നുണ്ട്. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഈ ഫാമിൽ പോയിരിക്കുമ്പോൾ ലഭിക്കുന്ന മാനസികോല്ലാസവും സന്തോഷവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

