സെവൻ ആർട്സ് കൾചറൽ ഫോറം ഓണാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു
text_fieldsസെവൻ ആർട്സ് കൾചറൽ ഫോറം ഓണാഘോഷം
മനാമ: ബഹ്റൈനിൽ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ സെവൻ ആർട്സ് കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മീഡിയ സിറ്റിയിൽ നടത്തിയ ‘പൂവിളി 2025’ ഓണ പ്രോഗ്രാം ശ്രദ്ധേയമായി. വിവിധ കലാപരിപാടികളോടും 500ല് പരം ആളുകൾ പങ്കെടുത്ത ഓണസദ്യയും പരിപാടിയുടെ മാറ്റുകൂട്ടി. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ആക്ടിങ് സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥികളായി ബഹ്റൈനിലെ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളിലെ പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് ബഹറിലെ വിവിധ സംഘടനകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ തിരുവാതിര ടീമിനെയും ഓണപ്പാട്ട് മത്സരത്തിൽ ബഹറിൻ കേരള സമാജത്തിൽ നിന്ന് മൂന്നാംസ്ഥാനം നേടിയ ഓണപ്പാട്ട് ടീമിനെയും അനുമോദിച്ചു.
വിവിധ കലാപരിപാടികൾക്ക് രാജേഷ് പെരുങ്കുഴി, ദീപ്തി റീജോയ്, വിശ്വ സുകേഷ്, സുനി ഫിലിപ്പ്, ജോണി എം. ജോസ്, ജിനു വർഗീസ്, ലിജു പാപ്പച്ചൻ, റോബിൻ രാജ്, ശ്യാം കൃഷ്ണൻ, ലാലു മണിമലയിൽ, ഷൈജു ഓലഞ്ചേരി, ജോർജ് യോഹന്നാൻ, സുഗേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ മണിക്കുട്ടൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

