മനാമ സെൻട്രൽ മാർക്കറ്റിൽ ഗുരുതര സുരക്ഷപ്രശ്നങ്ങൾ
text_fieldsമനാമ സെൻട്രൽ മാർക്കറ്റിൽ അധികൃതർ പരിശോധനക്കിടെ
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് ഗുരുതരമായ സുരക്ഷാ ഭീഷണികൾ നേരിടുന്നുവെന്ന് കണ്ടെത്തൽ. തീപിടിത്ത സാധ്യതയടക്കം നിലനിൽക്കുന്ന സാഹചര്യം ഗുരുതര പ്രശ്നങ്ങളാണ് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയത്.
അഗ്നി പ്രതിരോധ സംവിധാനങ്ങളുടെ തകരാറുകൾ, അപകടകരമായ വൈദ്യുതി കണക്ഷനുകൾ, തകർന്ന ഡ്രെയിനേജ് സംവിധാനങ്ങൾ, കെട്ടിടങ്ങളുടെ ജീർണാവസ്ഥ തുടങ്ങിയവ ചൂണ്ടിക്കാട്ടിയ ബോർഡ് അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.
സാഹചര്യത്തെ അപകടകരമായ സ്ഥിതിയെന്ന് വിശേഷിപ്പിച്ച ബോർഡ്, അറ്റകുറ്റപ്പണികളെ അവഗണിക്കുന്നത് വ്യാപാരികളെയും മാർക്കറ്റിലെത്തുന്നവരെയും ഗുരുതരമായ അപകടത്തിലേക്കെത്തിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ബോർഡ് ചെയർമാൻ സാലിഹ് തരാദ വ്യക്തമാക്കി. ചരിത്രപരമായ പ്രാധാന്യമുള്ള ഈ മാർക്കറ്റ് ആയിരക്കണക്കിന് ആളുകൾക്ക് ആശ്രയമാണ്.
സുരക്ഷാ വീഴ്ചകൾ അവഗണിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്താനും, അറ്റകുറ്റപ്പണികൾക്ക് സമയപരിധി നിശ്ചയിക്കാനും ബോർഡ് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളുടെ ദുരിതങ്ങളും ബോർഡ് ശ്രദ്ധയിൽപ്പെടുത്തി. വൃത്തിയുള്ളതും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം അവർക്ക് ഉറപ്പാക്കണം.
ഈ പ്രശ്നങ്ങൾ പരിഹരിക്കാതെ പോയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങളുണ്ടാകാനും കച്ചവടം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി. ഭക്ഷ്യ വിതരണത്തിലെ മാർക്കറ്റിന്റെ പങ്ക് കണക്കിലെടുക്കുമ്പോൾ ഇത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
അടിയന്തര നടപടികൾക്കായി വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. സുരക്ഷാ നടപടികൾ നടപ്പാക്കാൻ ഒരു ടാസ്ക് ഫോഴ്സിനെയും നിയോഗിക്കാൻ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണത്തിലൂടെയും സുതാര്യതയിലൂടെയും ഫലപ്രദമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു. 1970തിലാണ് സെൻട്രൽ മാർക്കറ്റ് പണികഴിപ്പിച്ചത്.
ബഹ്റൈനിലെ വലിയ മൊത്തവ്യാപാര വിപണന കേന്ദ്രം കൂടിയാണിത്. പഴക്കവും ജീർണതയും തുടങ്ങി മാർക്കറ്റിന്റെ സുരക്ഷാ പ്രശ്നങ്ങളെ നേരത്തെതന്നെ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടിയിരുന്നു. കിങ് ഫഹദ് കോസ്വേക്ക് സമീപം മാർക്കറ്റ് മാറ്റിസ്ഥാപിക്കാനും സർക്കാറിന്റെ പദ്ധതികളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

