തെരഞ്ഞെടുപ്പിലെ മാനദണ്ഡം
text_fieldsഭരണാധികാരികളുടെ അപക്വമായ തീരുമാനങ്ങളും ദീർഘവീക്ഷണമില്ലാത്ത നിർദ്ദേശങ്ങളുമാണ് പലപ്പോഴും വലിയ ലോക പ്രതിസന്ധികൾക്ക് കാരണമാകുന്നത്. ഇന്ന് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഇതിന് ഉദാഹരണമാണ്. അധികാരത്തിലിരിക്കുന്നവരുടെ ഒരു തെറ്റായ നീക്കം ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തെയാണ് ഇരുട്ടിലാക്കുന്നത്. ഇന്ത്യയിലും സമാനമായ വെല്ലുവിളികൾ നാം നേരിടുന്നു. അഴിമതിയും വിലക്കയറ്റവും വർഗീയതയും സമൂഹത്തിൽ തഴച്ചുവളരുമ്പോൾ അതിന് പിന്നിലെ പ്രധാന കാരണം നമ്മൾ തിരഞ്ഞെടുത്തയക്കുന്ന നേതാക്കളുടെ പശ്ചാത്തലം തന്നെയാണ്.
ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ജനക്ഷേമത്തേക്കാൾ സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നവരെയും അധികാരത്തിലേറ്റുന്നതിന്‍റെ ദുരന്തഫലമാണ് രാജ്യം ഇന്ന് അനുഭവിക്കുന്നത്. കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മികച്ച ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള സുവർണ്ണാവസരമാണിത്. സ്ഥാനാർത്ഥിയുടെ ജാതിയോ മതമോ നോക്കിയല്ല, മറിച്ച് അവരുടെ പ്രവർത്തനമികവും കഴിവും നോക്കി വോട്ട് ചെയ്യുക. അന്ധമായ രാഷ്ട്രീയ അടിമത്തം വെടിഞ്ഞ്, ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും താൽപ്പര്യമുള്ളവരെ പിന്തുണയ്ക്കുക. സ്ഥാനാർത്ഥിയുടെ മുൻകാല പ്രവർത്തനങ്ങൾ, ക്രിമിനൽ പശ്ചാത്തലം എന്നിവ കൃത്യമായി പരിശോധിക്കുക. ഇന്ന് നാം കാണിക്കുന്ന അശ്രദ്ധ നാളെ നമ്മുടെയും വരുംതലമുറയുടെയും കഷ്ടനഷ്ടങ്ങൾക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

