കൗമാരക്കാരിയുടെ ചിന്തകളും കാഴ്ചപ്പാടുകളുമായി സീമൽ റഹ്മാന്റെ പുസ്തകം പുറത്തിറങ്ങി
text_fieldsസീമൽ റഹ്മാൻ കുടുംബത്തോടൊപ്പം
മനാമ: ഒരു കൗമാരക്കാരിയുടെ ചിന്തകളും കാഴ്ചപ്പാടുകളുമായി പ്രവാസി മലയാളി വിദ്യാർഥിനിയുടെ ആദ്യ പുസ്തകം. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി സീമൽ റഹ്മാന്റെ ‘പി.ഒ.വി: പോയിന്റ് ഓഫ് വ്യൂ ഓഫ് എ ടീനേജർ" എന്ന പുസ്തകമാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. കോഴിക്കോട് ആസ്ഥാനമായുള്ള ഐ. ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ ഇൻറർനാഷനൽ പുസ്തകോത്സവത്തിലാണ് ആദ്യം പ്രകാശനം ചെയ്തത്.
ബഹ്‌റൈൻ തല പ്രകാശനം കഴിഞ്ഞദിവസംപ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പി.എം.എ ഗഫൂർ രാജി ഉണ്ണികൃഷ്ണന്ആദ്യ കോപ്പി നൽകി നിർവഹിച്ചു.സീമൽ റഹ്മാൻ ശൈഖ എന്ന തൂലികാനാമത്തിൽ എഴുതുന്ന സീമൽ എൽ.കെ.ജി മുതൽ ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിലാണ് പഠിക്കുന്നത്. മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന കോഴിക്കോട് തിക്കോടി സ്വദേശി ഒടിവയലിൽ മുജീബുൽ റഹ്മാന്റെയും നേറ്റൽ ന്യൂറോ കോച്ചും ഇന്ത്യൻ സ്‌കൂൾ മുൻ ഗണിതശാസ്ത്ര അധ്യാപികയുമായ ജിജി മുജീബിന്റെയും മകളാണ് സീമൽ. അക്ഷരങ്ങൾ പഠിച്ച കാലം മുതൽ ഡയറി എഴുതുന്ന ശീലം സീമലിന് ഉണ്ട്. ദൈനംദിന കാര്യങ്ങൾ എഴുതിയായിരുന്നു തുടക്കം.പിന്നീട് ചിന്തകളും കാഴ്ചപ്പാടുകളും എഴുതിവെക്കാൻ തുടങ്ങി.
കൗമാരക്കാരുടെ ചിന്തകൾക്കും വികാരങ്ങൾക്കും ശബ്ദം നൽകാനുള്ള ആഗ്രഹത്തിൽ നിന്നാണ് എഴുതാനുള്ള പ്രചോദനം ഉണ്ടായതെന്ന് സീമൽ പറഞ്ഞു. ഇരുപത് അധ്യായങ്ങൾ ഉള്ള ഈ പുസ്തകത്തിൽ കൗമാരക്കാർക്ക് പറയാനുള്ള ഓരോ കാര്യങ്ങളും ഓരോ അധ്യായങ്ങളായിട്ടാണ് എഴുതിയിരിക്കുന്നത്.
കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കൾ ബോധവാന്മാരാകേണ്ടതുണ്ട്. രക്ഷിതാക്കൾ വളർന്ന ചുറ്റുപാടിൽ അല്ല പുതിയ തലമുറ വളരുന്നത്. പുതിയ തലമുറയെ മടിയന്മാരും സോഷ്യൽ മീഡിയ അടിമകളും ആക്കി മുദ്രകുത്തി അവരുടെ മാനസികാവസ്ഥയെ കാണാതെ പോകുന്നുവെന്നും പുസ്തകത്തിൽ പറയുന്നു. അവർക്കും വികാര-വിചാരങ്ങൾ ഉണ്ടെന്നും കാര്യങ്ങൾ അറിയാമെന്നും കുട്ടികളെ മനസ്സിലാക്കാനുള്ള ഒരു ഇടം നൽകണമെന്നും അവരെ ചേർത്ത് പിടിക്കണമെന്നു സീമൽ പറയുന്നു.
അവരെ കേൾക്കാനുള്ള മനസ്സ് ഉണ്ടാകണം. കുട്ടികളാണെന്ന് പറഞ്ഞ് അവഗണിക്കുമ്പോഴും മറ്റുള്ളവരുടെ മുന്നിൽവെച്ച് കുറ്റം പറയുമ്പോഴും വേദന തോന്നുന്നു. ഈ പുസ്തകത്തിൽ തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് തനിക്ക് തോന്നുന്നതാണ് എഴുതിയിരിക്കുന്നതെന്നും തന്നെപ്പോലെയുള്ള കുട്ടികൾക്ക് ഇത് അവരുടെ അനുഭവമായി തോന്നിയേക്കാമെന്നും സീമൽ പറഞ്ഞു. പുസ്തകത്തിന്റെ കവർ സീമൽ തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സീമലിന്റെ ഏക സഹോദരൻ മുഹമ്മദ് ആദിൽ കാനഡയിലെ പഠനം കഴിഞ്ഞ് ഇപ്പോൾ ദുബൈയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

