നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും സുരക്ഷ ശക്തമാക്കും
text_fieldsമനാമ: ബഹ്റൈനിലെ ടൂറിസം കേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങളിലും ബീച്ചുകളിലും സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കാൻ ടൂറിസം മന്ത്രാലയം. രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'റോയൽ ലൈഫ് സേവിങ് ബഹ്റൈനുമായി' സഹകരണം വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി അറിയിച്ചു. റോയൽ ലൈഫ് സേവിങ് ബഹ്റൈൻ ചെയർപേഴ്സൻ ശൈഖ നൈല ബിൻത് ഹമദ് ബിൻ ഇബ്രാഹിം ആൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം കേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങൾ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംയുക്ത പരിശോധനകളും ഓഡിറ്റിങ്ങും നടത്താൻ ധാരണയായി. വിനോദസഞ്ചാരികളുടെയും അതിഥികളുടെയും സുരക്ഷക്കാണ് ടൂറിസം മേഖലയിൽ പ്രഥമ പരിഗണനയെന്ന് മന്ത്രി എടുത്തുപറഞ്ഞു. ബഹ്റൈന്റെ ടൂറിസം സ്ട്രാറ്റജിയിലെ പ്രധാന തൂണുകളിലൊന്നായ കടൽത്തീര വിനോദങ്ങളെ കൂടുതൽ സുരക്ഷിതമാക്കുന്നതിലൂടെ രാജ്യാന്തര തലത്തിൽ ആകർഷണം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ജല സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ എല്ലാ സ്ഥാപനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ നൈല ചടങ്ങിൽ ചൂണ്ടിക്കാട്ടി. ബീച്ചുകളിലും പൂളുകളിലുമെത്തുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും പൊതു സുരക്ഷയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനും ഈ സഹകരണം സഹായിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

