ജനാബിയ ഹൈവേയിൽ സുരക്ഷ, വേഗപരിധി കാമറകൾ സ്ഥാപിക്കും
text_fieldsമനാമ: ജനാബിയ ഹൈവേയിൽ സുരക്ഷ, വേഗപരിധി കാമറകൾ സ്ഥാപിക്കാനുള്ള നിർദേശത്തിന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. കൗൺസിലർ മുഹമ്മദ് സാദ് അൽ ദോസരിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. അവന്യൂസ് 91, 92, 93 എന്നിവ മുതൽ മദീനത്ത് സൽമാൻ വരെയുള്ള ഭാഗങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക. പ്രദേശവാസികളിൽനിന്നും യാത്രക്കാരിൽനിന്നും തുടർച്ചയായി ലഭിച്ച പരാതികളെ തുടർന്നാണ് ഈ നീക്കം. ജനാബിയക്കും മദീനത്ത് സൽമാനും ഇടയിലുള്ള റോഡിൽ വർധിച്ചുവരുന്ന വേഗം ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നുണ്ടെന്ന് അൽ ദോസരി പറഞ്ഞു.
ട്രാഫിക് ഡയറക്ടറേറ്റിന്റെ പട്രോളിങ് കുറവായതിനാൽ നിയമലംഘനങ്ങൾ തടയാൻ പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടകരമായ ഓവർടേക്കിങ്ങും ചുവപ്പ് ലൈറ്റ് മറികടന്നുപോകുന്നതുമായി ബന്ധപ്പെട്ട നിരവധി അപകടങ്ങൾ ഈ ഭാഗത്ത്, പ്രത്യേകിച്ച് മദീനത്ത് സൽമാന് സമീപം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേഗപരിധി കാമറകൾ സ്ഥാപിക്കുന്നത് അപകടങ്ങളും നിയമലംഘനങ്ങളും കുറക്കുമെന്നും ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവർത്തിച്ചുള്ള അപകടങ്ങൾ പരിഹരിക്കാനും റോഡിൽ കർശനമായ നിരീക്ഷണം ഉറപ്പാക്കാനും നഗരവികസനവും ജനസംഖ്യാ വർധനയും കാരണം വർധിച്ചുവരുന്ന ഗതാഗതം സുഗമമാക്കാനും ഈ നിർദേശം ലക്ഷ്യമിടുന്നു. പൊതു-സ്വകാര്യ സ്വത്തുക്കളും ആളുകളുടെ ജീവനും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും റോഡ് സുരക്ഷയിൽ ഇത് നേരിട്ട് സ്വാധീനം ചെലുത്തുമെന്നും കൗൺസിലർമാർ ഈ നിർദേശത്തെ ഏകകണ്ഠമായി പിന്തുണച്ചെന്നും അൽ ദോസരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

