ചെറുകിട സ്ഥാപനങ്ങളിൽ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന ഊർജിതം
text_fieldsമനാമ: പ്രവാസികളുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളിൽ, വ്യവസായ വാണിജ്യ മന്ത്രാലയം പരിശോധന ഊർജിതമാക്കി.രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ലംഘിച്ച രണ്ട് കമ്പനികൾ അടച്ചുപൂട്ടിയതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങൾ, വർക്ക് സൈറ്റുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടന്നു. സി.ആറുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ചില സ്ഥാപനങ്ങൾ നിരന്തര നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് പകരം ദുരുപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് വ്യവസായ വാണിജ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. വാണിജ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കാൻ ഏവർക്കും ബാധ്യതയുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി (എൽ.എം.ആർ.എ) ഏകോപിപ്പിച്ചാണ് പരിശോധന നടക്കുന്നത്. തൊഴിൽവിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത്, വാണിജ്യ കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള ആവശ്യകതകൾ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ട്രേഡിങ് കമ്പനികളുമായി ഇടപാട് നടത്തുന്ന ഉപഭോക്താക്കൾ അതിന്റെ സ്റ്റാറ്റസും പ്രവർത്തനങ്ങളും പരിശോധിച്ചുറപ്പിക്കണം. നിയമ ലംഘനങ്ങൾ വാട്സ്ആപ് (17111225), ഇ-മെയിൽ (inspection@moic.gov.bh) വഴി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.ബിസിനസുകളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകളും ലൈസൻസുകളും നിരീക്ഷിച്ചുവരുകയാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് പുതിയ സി.ആർ അനുവദിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തണമെന്ന് പാർലമെന്ററി അന്വേഷണസമിതി ശിപാർശ ചെയ്തിരുന്നു.
പൗരന്മാരുടെ താഴ്ന്ന ജീവിതനിലവാരം കുറയുകയാണെന്ന പരാതി അന്വേഷിക്കുന്ന പാർലമെന്ററി സമിതിയാണ് ഈ നിർദേശം നൽകിയത്. നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് സി.ആർ അനുവദിക്കുന്നത് പ്രാദേശിക വിപണിയെയും പൗരന്മാരുടെ ബിസിനസ് സംരംഭങ്ങളെയും ബാധിക്കുന്നുണ്ടെന്നാണ് സമിതിയുടെ നിരീക്ഷണം.
കഴിഞ്ഞദിവസം എല്ലാ ഗവർണറേറ്റുകളിലെയും മറ്റ് സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ എൽ.എം.ആർ.എ അഞ്ച് സംയുക്ത പരിശോധനാ പരിപാടികൾ നടത്തിയിരുന്നു.നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി, സോഷൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കാപിറ്റൽ, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിൽ പരിശോധന നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.