സ്കൂൾ ട്രാൻസ്പോർട്ട് വാഹനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണം
text_fieldsട്രാഫിക് പൊലീസ് സുരക്ഷ സംബന്ധിച്ച് സ്കൂൾ ബസ് ഡ്രൈവർമാർക്ക് ക്ലാസെടുക്കുന്നു
മനാമ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ സ്കൂൾ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുതിയ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങളിൽ സ്ഥാപിക്കേണ്ട സുരക്ഷ ഫീച്ചറുകളുടെയും ഉപകരണങ്ങളുടെയും വിശദമായ പട്ടിക ഉൾപ്പെടെ സ്കൂൾ ബസുകൾക്ക് നൽകിയിട്ടുണ്ട്. സ്കൂൾ ബസുകളിൽ കാമറകൾ സ്ഥാപിക്കുന്നതിനൊപ്പം റിയർ വ്യൂ സെൻസറുകളുടെ പ്രാധാന്യവും പുതിയ നിയന്ത്രണങ്ങളിൽ പ്രത്യേകം പറയുന്നു. ഇരുപത്തിയഞ്ചോ അതിൽ താഴെയോ സീറ്റിങ് കപ്പാസിറ്റിയുള്ള ബസുകളിൽ രണ്ട് കാമറകൾ ഉണ്ടായിരിക്കണം.
ഒന്ന് ബസിന്റെ ഉൾവശം നിരീക്ഷിക്കാനും മറ്റൊന്ന് പുറം ഭാഗം കാണാനുമാണ്. ഇരുപത്തിയാറോ അതിൽ താഴെയോ സീറ്റിങ് കപ്പാസിറ്റിയുള്ള ബസുകളിൽ മൂന്ന് കാമറകൾ ഉണ്ടായിരിക്കണം. രണ്ടെണ്ണം ഉള്ളിലും ഒന്ന് റിയർവ്യൂവിനും ആയിരിക്കണം. രണ്ട് അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമാണ്.
ഒന്ന് ഡ്രൈവർ സീറ്റിനടുത്തും മറ്റൊന്ന് ഡോറിനടുത്തും. ഇവയുടെ സ്ഥാനം എല്ലാവർക്കും കാണാവുന്ന തരത്തിൽ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കണം. 26 യാത്രക്കാരോ അതിൽ കൂടുതലോ ഉള്ള ബസുകൾക്ക് ഇരുവശത്തും ബസിന്റെ മുൻവശത്തും വലിയ കണ്ണാടികൾ നിർബന്ധമാണ്. ഇത് ഡ്രൈവർക്ക് വാഹനത്തിന്റെ പൂർണമായ കാഴ്ച ലഭിക്കാനാണ്. യാത്രക്കാരുടെ എണ്ണത്തിനാനുപാതികമായി പ്രഥമശുശ്രൂഷ കിറ്റുകളുണ്ടായിരിക്കണം. ബസിൽ അതിന്റെ സ്ഥാനം സൂചിപ്പിക്കുന്ന വ്യക്തമായ ലേബൽ ഉണ്ടായിരിക്കണം.
ബസിന്റെ പിൻഭാഗത്ത് ‘സ്കൂൾ ബസ്’എന്ന സ്റ്റിക്കറും ഡ്രൈവറുടെ നമ്പറും നിർബന്ധമാണ്. ബസിന്റെ അകത്തും പുറത്തും യാത്രക്കാരുടെ എണ്ണമുണ്ടായിരിക്കണം. ‘പുകവലിക്കരുത്’എന്ന ബോർഡ് ബസിനുള്ളിൽ പ്രദർശിപ്പിക്കണം. എയർ കണ്ടീഷനിങ് സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത, സീറ്റുകളുടെ അവസ്ഥ, അപ്ഹോൾസ്റ്ററി എന്നിവ ഉറപ്പുവരുത്തണം.
ബസുകൾക്ക് ഇടതുവശത്ത് ഡോർ തുറക്കുമ്പോൾ കാണാവുന്ന തരത്തിൽ ഓട്ടോമാറ്റിക് ‘സ്റ്റോപ്’അടയാളമുണ്ടായിരിക്കണം. ഫിക്സഡ് വിൻഡോ ഉള്ള ബസുകളിൽ ഗ്ലാസ് പൊട്ടിക്കുന്ന ഹാമറുകൾ കുറഞ്ഞത് നാലെണ്ണം ഉണ്ടായിരിക്കണം. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രക്കിടെ സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണ് ഈ പുതിയ നിയന്ത്രണങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

