സൗദി ദേശീയ ദിനാഘോഷം: ഇന്നുമുതൽ 27 വരെ കലാപരിപാടികൾ
text_fieldsമനാമ: സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിൽ വിവിധ ആഘോഷ പരിപാടികൾ ഇന്നു തുടങ്ങും. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ)യുടെ ആഭിമുഖ്യത്തിലാണ് 27വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് നടത്തുന്നത്.
ദേശീയ ദിനത്തോടനുബന്ധിച്ച് ‘ഡിലൈറ്റഡ് ടു സീ യു’ എന്ന പേരിൽ ടൂറിസം കാമ്പയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. 23ന് സൗദി പൗരന്മാരെയും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി വിനോദസഞ്ചാരം, വിനോദം, സാംസ്കാരികം എന്നിവ സംയോജിപ്പിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുന്നത്.
23ന് ഉച്ച മുതൽ അർധരാത്രി വരെ മനാമയിലെ അവന്യൂസ് ബഹ്റൈനിൽ പ്രവേശനം സൗജന്യമായിരിക്കും. ബഹ്റൈൻ സമ്രി ബാൻഡിന്റെയും പരമ്പരാഗത സൗദി ബാൻഡിന്റെയും സംഗീത പരിപാടി ഇവിടെ നടക്കും. വെള്ളിയാഴ്ച സാഖീറിലെ എക്സിബിഷൻ വേൾഡിൽ ഈജിപ്ഷ്യൻ ഗായികയും നടിയുമായ അംഗാമിന്റെ സംഗീതപരിപാടി നടക്കും.
വ്യാഴം മുതൽ സെപ്റ്റംബർ 27വരെ മറാസി അൽ ബഹ്റൈനിലെ മറാസി ഗാലേറിയയിൽ നിരവധി സൗജന്യ ഫാമിലി ആക്ടിവിറ്റികൾ നടക്കും. വ്യാഴാഴ്ച മുതൽ തിങ്കൾ വരെ വൈകുന്നേരം 4 മുതൽ രാത്രി 10 വരെ പരിപാടികളുണ്ടാകും. സിറ്റി സെന്റർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സൗദി സംഗീതപരിപാടികൾ നടക്കും.
ഡ്രാഗൺ സിറ്റിയിൽ വ്യാഴാഴ്ച മുതൽ തിങ്കൾ വരെ, വൈകുന്നേരം 5 മുതൽ രാത്രി 10 വരെ പരിപാടിയുണ്ടാകും. വെള്ളിയാഴ്ച രാത്രി 8.30 മുതൽ 10.30 വരെ വാട്ടർ ഗാർഡൻ സിറ്റിയിലും വെള്ളിയാഴ്ച രാത്രി 8 മുതൽ 9.30 വരെ മനാമ സീഫ് മാളിലും പരിപാടികൾ നടക്കും.
നാടോടി സംഗീത പ്രകടനങ്ങളും സാംസ്കാരിക പ്രദർശനങ്ങളും അടക്കം എല്ലാ പ്രായക്കാർക്കുമുള്ള വൈവിധ്യമാർന്ന പരിപാടികളുണ്ടാകും. അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഫഹദ് കോസ്വേ, ഹോട്ടലുകൾ, റിസോർട്ടുകൾ, വിവിധ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ എന്നിവയിലെല്ലാം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ആഘോഷ പരിപാടികളുണ്ടാകും.
സൗദി സന്ദർശകർക്കായി 50ലധികം ടൂറിസം പാക്കേജുകളും ഓഫറുകളും ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് എയർ വഴിയുള്ള പ്രത്യേക യാത്രാ പാക്കേജുകൾ, വ്യത്യസ്ത വിനോദ പരിപാടികൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകളുമായി സഹകരിച്ച് നടക്കുന്ന പ്രമോഷനൽ കാമ്പയിനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബി.ടി.ഇ.എ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അതോറിറ്റിയുടെ വെബ്സൈറ്റായ www.calendar.bh ലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

