ബഹ്റൈനി ഡോക്ടർമാർക്കും നഴ്സുമാർക്കും സൗദി വിദഗ്ധ പരിശീലനം നൽകും
text_fieldsമനാമ: ബഹ്റൈന്റെ ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനി ഡോക്ടർമാർക്കും നഴ്സുമാർക്കും വിദഗ്ധ പരിശീലനം നൽകാനൊരുങ്ങി സൗദി അറേബ്യ.
ഇതിനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ അഡൽറ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പരിശീലന പരിപാടിക്ക് സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷാലിറ്റീസിന്റെ അംഗീകാരം ലഭിച്ചു. ഈ വർഷം ആരംഭിക്കുന്ന നാല് വർഷത്തെ മെഡിക്കൽ പരിശീലന പ്രോഗ്രാം രാജ്യത്തെ ആരോഗ്യ മേഖലയിലെ സുപ്രധാന ചുവടുവെപ്പായാണിത്. മികച്ച പരിശീലനം നൽകുന്നതുവഴി രാജ്യത്തെ ആരോഗ്യ മേഖല കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്.
ഏകദേശം 750 ബഹ്റൈനി ഡോക്ടർമാർക്കും നഴ്സുമാർക്കും ഈ സംരംഭം പ്രയോജനപ്പെടും. പ്രധാനമന്ത്രിയുടെ കോർട്ട് മന്ത്രിയും ലേബർ ഫണ്ട് (തംകീൻ) ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് ഈ പദ്ധതി.
തംകീനും സുപ്രീം കൗൺസിൽ ഫോർ ഹെൽത്തും സംയുക്തമായാണ് സംരംഭം നടപ്പിലാക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ആരംഭിച്ച് 2029 സെപ്റ്റംബർ വരെ തുടരുന്ന നാലുവർഷത്തെ പരിശീലന കോഴ്സാണിത്. മുതിർന്നവരുടെ ക്രിട്ടിക്കൽ കെയർ മേഖലയിൽവരെ മികച്ച നിലവാരത്തോടെ പ്രവർത്തിക്കാൻ ഡോക്ടർമാരെ ഈ പരിശീലന പരിപാടി സജ്ജരാക്കും.
അനസ്തേഷ്യ, നെഫ്രോളജി, പൾമണോളജി, ന്യൂറോ അനസ്തേഷ്യ, ഗ്യാസ്ട്രോ എന്ററോളജി, തൊറാസിക് ആൻഡ് വാസ്കുലാർ സർജറി, പകർച്ചവ്യാധികൾ, ഇന്റൻസിവ് കെയർ റേഡിയോളജി എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ നൂതന ക്ലിനിക്കൽ മൊഡ്യൂളുകൾ പ്രോഗ്രാമിൽ ഉൾപ്പെടുന്നുണ്ട്.
പരിശീലനത്തിനുള്ള അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് രാജ്യത്തെ സർക്കാർ ആശുപത്രികൾ പ്രസ്താവനയിൽ അറിയിച്ചു. ഇത് ബഹ്റൈന്റെ ആരോഗ്യ സംവിധാനത്തിലുള്ള വർധിച്ചുവരുന്ന പ്രാദേശിക വിശ്വാസത്തെ പ്രതിഫലിക്കുന്നുവെന്നും, അടുത്ത തലമുറയിലെ മെഡിക്കൽ പ്രഫഷനലുകൾക്ക് ഉയർന്ന നിലവാരമുള്ള, പ്രത്യേക പരിശീലനം നൽകുന്നതിനുള്ള പ്രതിബദ്ധതയെ ഇത് അടിവരയിടുന്നുവെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

