വ്യാപാരം 3.9 ബില്യൺ ഡോളറിൽ; സൗദി ബഹ്‌റൈന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി
text_fieldsമനാമ: ഏറെ അടുത്ത ബന്ധവും അയൽപക്ക രാജ്യവുമായ സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായി ബഹ്റൈനും. 2024ൽ ഏകദേശം 3.9 ബില്യൺ ഡോളറിന്‍റെ വ്യാപാരമാണ് ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുണ്ടായത്. ഇതിൽ ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി ഏകദേശം 2.9 ബില്യൺ ഡോളറും സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള ഇറക്കുമതി ഏകദേശം 1 ബില്യൺ ഡോളറുമാണ്.
അസംസ്‌കൃത അലുമിനിയം, അലുമിനിയം ഉൽപ്പന്നങ്ങൾ, അർധ ഫിനിഷ്ഡ് ഇരുമ്പും മറ്റ് ലോഹങ്ങളും, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയാണ് ബഹ്‌റൈൻ സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപ്പന്നങ്ങൾ. ഊർജ്ജ, പെട്രോളിയം ഉൽപ്പന്നങ്ങൾ, വലിയ ഉപകരണങ്ങൾ, അടിസ്ഥാന രാസവസ്തുക്കൾ, അസംസ്‌കൃത പ്ലാസ്റ്റിക് എന്നിവയാണ് സൗദിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള പ്രധാന ഇറക്കുമതി ഉൽപ്പന്നങ്ങൾ. ഇത് ഇരു രാജ്യങ്ങൾക്കും സമാനമായ ഒരു വ്യാവസായിക അടിത്തറയുണ്ടെന്ന് സൂചിപ്പിക്കുന്നു. അലുമിനിയം, സ്റ്റീൽ, റിഫൈനിംഗ് മേഖലകളിലെ സഹകരണങ്ങളിലൂടെ ഇരു രാജ്യങ്ങൾക്കും വ്യാപാര വളർച്ചയ്ക്ക് വലിയ സാധ്യതയുണ്ട്.
കൂടാതെ സൗദി അറേബ്യയുടെ 'വിഷൻ 2030' ന്റെ ഭാഗമായുള്ള വിപണി സാധ്യതകൾ, അതിർത്തി കടന്നുള്ള യാത്രകൾ, സംയുക്ത ടൂറിസം പരിപാടികൾ, ഹോസ്പിറ്റാലിറ്റി മേഖലയിലെ സഹകരണം എന്നിവ ടൂറിസം മേഖലയ്ക്ക് ഉണർവേകും. നിലവിലെ പ്രധാന പാതയായ കിംഗ് ഫഹദ് കോസ്‌വേ കൂടാതെ, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കിംഗ് ഹമദ് കോസ്‌വേ യാത്രാ സൗകര്യം വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും ഡിജിറ്റൽ പേയ്‌മെന്റുകളിലേക്കും ഫിൻടെക് മേഖലയിലേക്കും മാറുന്നതിനാൽ ധനകാര്യ സേവനങ്ങളും സാങ്കേതികവിദ്യയും മറ്റൊരു വളർച്ചാ മേഖലയാണ്.
സൗദി വിപണിയിലേക്ക് ബഹ്‌റൈനും ബഹ്റൈൻ വിപണിലേക്ക് സൗദിക്കും കയറ്റുമതി ചെയ്യാൻ കഴിയുന്നതും എന്നാൽ പൂർണ്ണമായി ഉപയോഗിക്കപ്പെടാത്തതുമായ ചില ഉൽപ്പന്നങ്ങളും ഇരു രാജ്യങ്ങളിലുമുണ്ടെന്നാണ് വിലയിരുത്തൽ. ആ മേഖലകളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ വ്യാപാരം വർധിക്കുമെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

