സൗദി അറേബ്യ -ബഹ്റൈൻ ഉഭയകക്ഷി ബന്ധം മികച്ച മാതൃക- ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ
text_fieldsസ്വിസ്റ്റർലാന്‍റിലെ ദാവോസിലെ സൗദി ഹൗസിൽ ചർച്ചയിൽ പങ്കെടുക്കുന്ന ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്ത്വത്തിലുള്ള ബഹ്റൈൻ സംഘം
മനാമ: ബഹ്‌റൈൻ-സൗദി ബന്ധം, സംയുക്തവും മികച്ചതുമായ സഹകരണത്തിലൂടെ വളർന്നുകൊണ്ടിരിക്കുകയാണെന്നും ഇരുവരും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച മാതൃകയാണെന്നും ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി ബോർഡ് ചെയർമാനും തൊഴിൽ ഫണ്ട് (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ബഹ്റൈൻ ഉന്നതതല സംഘത്തോടൊപ്പം സ്വിസ്റ്റർലാന്‍റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം (ഡ.ബ്ല്യു.ഇ.എഫ്) 55ാമത് വാർഷിക യോഗത്തിൽ "ജി.ഡി.പിക്ക് പുറമെ വളർച്ച അളക്കുന്നതിനുള്ള പുതിയ സമീപനങ്ങൾ" എന്ന വിഷയത്തിൽ സൗദി ഹൗസിൽ കൂടിയ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും പിന്തുണയോടെയുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢബന്ധവും, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെയും ചൂണ്ടിക്കാട്ടിയ ശൈഖ് ഈസ ബിൻ സൽമാൻ ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം പിന്തുടരേണ്ടതും മികച്ചതുമായ ഒരു മാതൃകയായി മാറിയിരിക്കുന്നുവെന്നും വ്യക്തമാക്കി. രാജ്യാന്തര വേദികളിൽ മികച്ച നേതൃസ്ഥാനം അലങ്കരിക്കുന്ന സൗദി അറേബ്യ, രാജ്യം എല്ലാ മേഖലകളിലും നേടിയ അതുല്യനേട്ടങ്ങളെയും ശൈഖ് ഈസ ബിൻ സൽമാൻ അഭിനന്ദിച്ചു. സൗദി അറേബ്യ നേടിയ വിജയം ബഹ്‌റൈന്റെയും വിജയമാണെന്നും ഇത് രാജ്യത്തുടനീളം വികസനവും പുരോഗതിയും വർധിക്കുന്നതിന് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും നിരവധി ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

