കാർബൺ ഡൈ ഓക്സൈഡ് നിരീക്ഷണത്തിന് ഉപഗ്രഹം
text_fieldsമനാമ: കാർബൺ ഡൈ ഓക്സൈഡ് (സി.ഒ.ടു) പുറന്തള്ളൽ നിരീക്ഷിക്കുന്നതിനുള്ള ഉപഗ്രഹ പെലോഡ് വികസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കി ബഹ്റൈൻ.
ബഹ്റൈനിലെയും ഗൾഫ് മേഖലകളിലെയും പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിനായി വായുവിന്റെ ഗുണനിലവാരവും ഹരിതഗൃഹ വാതക പുറന്തള്ളലും നിരീക്ഷിക്കുക എന്നതാണ് പെലോഡ് നിർമാണത്തിന്റെ ലക്ഷ്യം. ഏകദേശം 1.4 മില്യൺ പൗണ്ട് (715500 ബഹ്റൈൻ ദീനാർ) ആണ് ഇതിന്റെ നിർമാണചെലവെന്ന് ബഹ്റൈൻ സ്പേസ് ഏജൻസി (ബി.എസ്.എ) അറിയിച്ചു.
മേഖലയിലെ ഉദ്വമനം മനസ്സിലാക്കാനും സാധ്യതയുള്ള അളവിൽ അത് കുറക്കാനും സഹായിക്കുന്നതിന് ഒരു പ്രധാന ഹരിതഗൃഹ വാതകമായ സി.ഒ.ടു പുറന്തള്ളൽ നിരീക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ഒരു പ്രധാന വശം.
യു.കെ സ്പേസ് ഏജൻസിയുടെ ഇന്റർനാഷനൽ ബൈലാറ്ററൽ ഫണ്ട് ധനസഹായം നൽകുന്ന ഈ പദ്ധതിയിൽ ലെസ്റ്റർ സർവകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ജിയോസ്പേഷ്യൽ ഇൻസൈറ്റുമാണ് സഹകരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ബഹ്റൈനി എൻജിനീയർമാർ ബ്രിട്ടീഷ് വിദഗ്ധരുമായി ചേർന്ന് ദൗത്യ ആശയം രൂപകൽപന ചെയ്യുന്നതിനും ഓക്സിജൻ കണ്ടെത്തലിനായി ഒരു ഹൈപ്പർസ്പെക്ട്രൽ കാമറ വികസിപ്പിക്കുന്നതിനായും പ്രവർത്തിച്ചു. ഇത് കാർബൺ ഡൈ ഓക്സൈഡ് നിരീക്ഷണത്തിന്റെ കൃത്യത വർധിപ്പിക്കുമെന്നും ബി.എസ്.എ അറിയിച്ചു.
കാർബൺ ഡൈ ഓക്സൈഡ് സെൻസറിന്റെ വികസനത്തിനുവേണ്ട കണ്ടെത്തലുകളും സംഘം നടത്തി. പെലോഡ് വിജയകരമായി വിക്ഷേപിക്കുന്നതിലൂടെ സ്വദേശത്തെയും ഗൾഫ് മേഖലയിലെയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിനെക്കുറിച്ചുള്ള അതിവേഗ, തത്സമയ ഡേറ്റ ലഭിക്കും.
ഈ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു കൂട്ടം ഉപഗ്രഹങ്ങളെ വിന്യസിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ഉപഗ്രഹത്തിന്റെ വിക്ഷേപണം 20270-28 വർഷത്തിലാണ് ക്രമീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

