25 വർഷത്തിനൊടുവിൽ ശശിധരൻ നാടണഞ്ഞു
text_fieldsകെ.പി.എഫ് പ്രസിഡൻറ് സുധീർ തിരുനിലത്ത് ശശിധരനെ യാത്രയാക്കുന്നു
മനാമ: 25 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന കോഴിക്കോട് സ്വദേശി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ചാരിറ്റി വിങ് ജോ. കൺവീനർ വേണു വടകരയുടെയും കെ.പി.എഫ് പ്രസിഡൻറും വേൾഡ് എൻ.ആർ.ഐ കൗൺസിൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറുമായ സുധീർ തിരുനിലത്തിെൻറയും ശ്രമഫലമായാണ് വടകര കുരിക്കിലാട് സ്വദേശി ശശിധരൻ പുള്ളോട് (63) ബുധനാഴ്ച എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിയത്. വർഷങ്ങളായി ബഹ്റൈനിൽ കഴിയുന്ന ഇദ്ദേഹത്തിെൻറ വിഷയം സുധീർ തിരുനിലത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ അവതരിപ്പിച്ചിരുന്നു. ചോറോട് പഞ്ചായത്ത് 10ാം വാർഡ് അംഗമായ സിനിത ചേരുവത്തിനെ വേണു വടകര വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ വീട്ടുകാരുമായി സംസാരിച്ച് ശശിധരെൻറ നാട്ടിലുള്ള രേഖകൾ സംഘടിപ്പിക്കുകയും ചെയ്തു.
നാട്ടിൽ ശശിധരന് ഒരു സഹോദരനാണുള്ളത്. മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ തയാറാണെന്ന് വീട്ടുകാർ അറിയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഇന്ത്യൻ എംബസി ശശിധരന് എമർജൻസി സർട്ടിഫിക്കറ്റ് നൽകി. സുധീർ തിരുനിലത്ത് ബഹ്റൈൻ ഇമിഗ്രഷൻ വിഭാഗവുമായി സംസാരിച്ച് അദ്ദേഹത്തിെൻറ കേസുകൾ നീക്കി നാട്ടിലേക്ക് പോകാനുള്ള രേഖകൾ ശരിയാക്കി. എംബസി അദ്ദേഹത്തിന് ടിക്കറ്റും നൽകി. കഴിഞ്ഞ ഒരുവർഷമായി താമസവും ഭക്ഷണസൗകര്യവും ചെയ്തുകൊടുക്കുന്ന വടകര സ്വദേശി രാജൻ പുതുക്കുടി, വേണു വടകര, സുധീർ തിരുനിലത്ത്, ബഹ്റൈൻ ഇമിഗ്രഷൻ അധികാരികൾ, ഇന്ത്യൻ അംബാസഡർ, കോഴിക്കോട് ജില്ല പ്രവാസി ഫോറം ഭാരവാഹികൾ തുടങ്ങി സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിച്ചാണ് ശശിധരൻ നാട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

