സാറ സ്കൂളിൽ തിരികെയെത്തി, ഇത്തവണ വിദ്യാർഥിനി ആയല്ല അധ്യാപികയായി
text_fieldsസാറ എല്യാന കുര്യക്കോസ് അധ്യാപികയായി ചുമതലയേറ്റപ്പോൾ
മനാമ: ന്യൂ മില്ലേനിയം സ്കൂളിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. തങ്ങളുടെ പൂർവ വിദ്യാർഥിനിയായ സാറ എല്യാന കുര്യക്കോസ് വീണ്ടും സ്കൂളിലേക്കെത്തി. ഇത്തവണയെത്തിയത് വിദ്യാർഥിനിയായല്ല അധ്യാപികയായാണ്. ഇംഗ്ലീഷ് വിഭാഗം അധ്യാപികയായാണ് സാറ ചുമതലയേറ്റത്. ഈ അസുലഭ മുഹൂർത്തം സ്കൂളിനും പൂർവവിദ്യാർഥികൾക്കും അഭിമാനവും പ്രചോദനവുമാവുകയാണ്.
2016ൽ ന്യൂ മില്ലേനിയം സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ സാറ തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്.ഡി കരസ്ഥമാക്കി. അക്കാദമിക മികവിനോടുള്ള അർപ്പണബോധവും അധ്യാപനത്തോടുള്ള അഭിനിവേശവും സാറയെ അധ്യാപികയാക്കുകയായിരുന്നു. താൻ പഠിച്ചിറങ്ങിയ സ്കൂളിലെ പിൻമുറക്കാരെത്തന്നെ പഠിപ്പിക്കാനും അവർക്ക് വഴികാട്ടാനും അവരെ പ്രചോദിപ്പിക്കാനും സാറ ന്യൂ മില്ലേനിയം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
ഞങ്ങളുടെ വിദ്യാർഥികൾതന്നെ അവരെ വളർത്തിയ സ്ഥാപനത്തിൽ പഠിപ്പിക്കാനെത്തുക എന്നത് വലിയ അഭിമാന നിമിഷമാണെന്ന് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ ശർമ പറഞ്ഞു. അധ്യാപികയായി എൻ.എം.എസിലേക്ക് തിരിച്ചെത്തിയത് തനിക്ക് വളരെ സവിശേഷമായ അനുഭവമാണെന്ന് സാറയും പറഞ്ഞു.
ഒരിക്കൽ വിദ്യാർഥിയായി നടന്ന അതേ കാമ്പസും സഞ്ചരിച്ച ഇടനാഴികളും ഇപ്പോൾ സാറക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്നുണ്ട്. കൂടെ അതേ വഴികളിൽ ഇപ്പോൾ അധ്യാപികയായി നടക്കുമ്പോൾ അഭിമാനവും. ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത പിള്ളയും സാറക്ക് വിജയാശംസകൾ നേർന്നു.
വിദ്യാർഥികളെ മാത്രമല്ല, ഭാവിയിലെ പ്രമുഖരെയും അധ്യാപകരെയും വളർത്തിയെടുക്കുന്ന സ്കൂളിന്റെ പാരമ്പര്യത്തിന് ഈ നിയമനം ഒരു മികച്ച ഉദാഹരണമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

