സമസ്ത 100ാം വാർഷികം ബഹ്റൈൻ പ്രചാരണ സമ്മേളനം ഇന്ന്
text_fieldsസമസ്ത 100ാം വാർഷികം ബഹ്റൈൻ പ്രചാരണ സമ്മേളന പരിപാടിയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ നിന്ന് -ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ‘ആദർശ വിശുദ്ധി: നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ സമ്മേളനങ്ങൾ ഇന്ത്യക്കകത്തും പുറത്തുമായി വിവിധ രാജ്യങ്ങളിൽ പ്രൗഢമായി നടന്നു വരുന്നു. ഇതിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് സൽമാനിയ കെ. സിറ്റി കോൺഫ്രൻസ് ഹാളിൽ നടക്കും.
വൈകീട്ട് നാലിന് പതാക ഉയർത്തി തുടക്കം കുറിക്കുന്ന സമ്മേളനത്തിൽ പ്രതിനിധി ക്യാമ്പ്, പൊതു സമ്മേളനം എന്നിവ നടക്കും. സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് ഖറാത്ത, ഖാളി അഹമദ് അൽ ദോസരി അടക്കം നിരവധി ബഹ്റൈൻ സ്വദേശി പ്രമുഖർ മുഖ്യാതിഥികളായി പങ്കെടുക്കും.
ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും. കുടുംബങ്ങൾക്കും പങ്കെടുക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് ബഹ്റൈൻ വിഖായ നേതൃത്വം നൽകും. 2026 ഫെബ്രുവരി 4, 5, 6, 7, 8 തീയതികളിലായി കാസർകോട് കുണിയയിലാണ് 100ാം വാർഷിക സമ്മേളനം. വരുന്ന ഭാവിയിൽ സമൂഹത്തിന്റെ ഉന്നമനത്തിനായി 15 ലധികം പദ്ധതികൾ സമ്മേളനഭാഗമായി പ്രഖ്യാപിക്കുകയും തഹിയ്യ: എന്ന പേരിൽ അതിലേക്ക് ധനസമാഹരണം നടത്തി വരികയും ചെയ്യുന്നുണ്ട്.
പത്രസമ്മേളനത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ, വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ മൗലവി, കോഓഡിനേറ്റർ അഷ്റഫ് അൻവരി ചേലക്കര, മനാമ ഏരിയ വൈസ് പ്രസിഡന്റ് ശൈഖ് അബ്ദുറസാഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

