നാടിനൊപ്പം വിദേശത്തും പ്രവേശനോത്സവമൊരുക്കി സമാജം മലയാളം പാഠശാല
text_fieldsബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കിയ പ്രവേശനോത്സവത്തിൽനിന്ന്
മനാമ: വേനൽ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളെ കേരളത്തിലെ വിദ്യാലയങ്ങൾ വരവേറ്റ അതേ ദിവസത്തിൽ വിദേശ മണ്ണിലും പ്രൗഢഗംഭീരമായി പ്രവേശനോത്സവം സംഘടിപ്പിച്ച് ബഹ്റൈൻ കേരളീയ സമാജം. പുതിയ അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കംകുറിച്ചുകൊണ്ട് മലയാളം പാഠശാല ഒരുക്കിയ പ്രവേശനോത്സവത്തിൽ ആയിരത്തിലധികം കുട്ടികളും രക്ഷിതാക്കളുമാണ് ഒത്തുചേർന്നത്.
1947ൽ സ്ഥാപിതമായ ബഹ്റൈൻ കേരളീയ സമാജം 70കളിൽത്തന്നെ മാതൃഭാഷ ക്ലാസുകൾ ആരംഭിച്ച വിദേശത്തെ ആദ്യ സംസ്കാരിക കൂട്ടായ്മയാണ് എന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു. ഇന്ത്യക്ക് പുറത്ത് ആദ്യമായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതും ബഹ്റൈൻ കേരളീയ സമാജത്തിലാണ്. വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷന്റെ പത്താം ക്ലാസ് തുല്യത കോഴ്സായ നീലക്കുറിഞ്ഞി പൂർത്തിയാക്കി സംസ്ഥാന പരീക്ഷ ഭവൻ നടത്തിയ പരീക്ഷയെഴുതി വിജയിച്ച പഠിതാക്കളുള്ളതും സമാജം പാഠശാലയിലാണെന്ന് സംഘാടകർ അറിയിച്ചു. കുട്ടികൾ അവതരിപ്പിച്ച ചെണ്ടമേളത്തോടെ ആരംഭിച്ച ചടങ്ങിൽ, സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
ഭരണ സമിതി അംഗങ്ങളും പാഠശാല ഭാരവാഹികളും കുട്ടികളുടെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, പാഠശാല പ്രിൻസിപ്പൽ ബിജു എം. സതീഷ്, വൈസ് പ്രിൻസിപ്പൽമാരായ രജിത അനി, ലത മണികണ്ഠൻ എന്നിവർ ആശംസകളും പാഠശാല കൺവീനർ സുനേഷ് സാസ്കോ നന്ദിയും അറിയിച്ചു. കുട്ടികളും അധ്യാപകരും ഭാഷാ പ്രവർത്തകരും ചേർന്നവതരിപ്പിച്ച സംഘഗാനം, സംഘനൃത്തം, ഗാനമാലിക തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. അന്താരാഷട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ബഹ്റൈനിലെ ഭാഷാ പഠിതാക്കൾക്കായി സമാജം നടത്തിയ ഭാഷാ വ്യവഹാര മത്സരമായ അക്ഷരത്തോണിയിലും മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാനധാനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

