വിസാ കാലാവധി കഴിയുന്നവർക്ക് വിമാനങ്ങളിൽ നിശ്ചിത ശതമാനം സീറ്റ് നീക്കിവെക്കണം -കേരളീയ സമാജം
text_fieldsമനാമ: നാട്ടിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന വിമാനങ്ങളിൽ വിസാ കാലാവധി കഴിയുന്നവർക്ക് നിശ്ചിത ശതമാനം സീറ്റ് നീക്കിവെക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ താൽപര്യം എടുക്കണമെന്ന് ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം ആവശ്യപ്പെട്ടു. കുതിച്ചുയരുന്ന വിമാനക്കൂലി നിയന്ത്രിക്കാൻ യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നും ഇതിനായി മാത്രം ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഹ്‌റൈൻ കേരളീയ സമാജം കോവിഡ് കാലത്ത ചെയ്ത് വരുന്ന പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ടത് ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പാടാക്കിയതാണ്. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് വിമാന സർവീസ് നിലച്ചപ്പോൾ ചാർട്ടേർഡ് വിമാനങ്ങളിൽ ജോലി നഷ്ടപ്പെട്ടവരും രോഗികളും ഗർഭിണികളും പ്രായമായവരുമായ നിരവധി പേരെ നാട്ടിലെത്തിക്കാൻ സമാജത്തിന് കഴിഞ്ഞു. വേനൽക്കാലത്ത് ഒരിക്കലും പ്രവാസികൾക്ക് ലഭിക്കാത്ത കുറഞ്ഞ നിരക്കും ലഭ്യമായി. യാത്രക്ക് നിശ്ചിത നിരക്ക് നിജപ്പെടുത്തിയെങ്കിലും പൂർണ്ണ തുക നൽകാൻ ഇല്ലാത്തവർക്ക് കൈവശമുള്ള തുകക്കും ജോലി നഷ്ടമായവരെ സൗജന്യമായും കൊണ്ടു പോയി.
ചാർട്ടേർഡ് വിമാനങ്ങളിൽ നാട്ടിൽ നിന്ന് തിരിച്ചു യാത്രക്കാരെ കൊണ്ട് വരുവാൻ മറ്റാർക്കും ലഭിക്കാത്തപ്പോഴാണ് ബഹ്റൈൻ കേരളീയ സമാജത്തിന് പ്രത്യേക അനുമതി ലഭിച്ചത്. പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് ഭരണ സമിതി അംഗങ്ങൾ, വിമാന സർവീസിനായി സേവനം ചെയ്യുന്ന പ്രവർത്തകർ എന്നിവർക്ക് ലഭിച്ച അംഗീകാരം കൂടിയായിരുന്നു ഈ തീരുമാനം. വിസാ കാലാവധി കഴിയാറായ നിരവധി പേർക്ക് അതിെൻറ പ്രയോജനം ലഭിച്ചു. അതിനെ എതിർത്തവർ ഒട്ടേറെ പ്രവാസികളുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്.
ഒരു ട്രാവൽ ഏജൻസിയുടെയും ജീവിത മാർഗം തടയാനോ പ്രയാസങ്ങൾ ഉണ്ടാക്കാനോ സമാജം ശ്രമിച്ചിട്ടില്ല. ടിക്കറ്റുകൾ ഓൺലൈനിൽ കിട്ടാത്തത് കേരളീയ സമാജം വിമാനങ്ങൾ ചാർട്ടർ ചെയ്തത് കൊണ്ടാണെന്ന് വ്യാപക പ്രചാരണമാണ് സോഷ്യൽ മീഡിയ വഴി നടന്നത്. സമാജം ചാർേട്ടഡ് വിമാനങ്ങൾ നിർത്തിയത്തിനു ശേഷവും ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ആറ് മാസത്തിൽ അധികമായി ജോലി ഇല്ലാതെ നാട്ടിൽ അകപ്പെട്ടു പോയവർക്ക് ഇത്ര ഉയർന്ന തുക നൽകി ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല.
കോവിഡ് കാലത്ത് നാട്ടിലേക്ക് പറന്നത് 68 ചാർേട്ടഡ് വിമാനങ്ങളാണ്. അതിൽ 19 എണ്ണമാണ് ബഹ്‌റൈൻ കേരളീയ സമാജം ഏർപ്പാടാക്കിയത്. ബാക്കി വിമാനങ്ങളുടെ കണക്കുകൾ സംബന്ധിച്ച് ചർച്ച എങ്ങും ഇല്ല. സംഘടനകൾക്ക് പ്രത്യേക അനുമതി നൽകാൻ സർക്കാരുകൾക്ക് താൽപര്യം ഉള്ളതിനാലാണ് ഇത്രയും വിമാനങ്ങൾ സംഘടനകൾക്ക് ഏർപ്പാടാക്കാൻ ആയത്. ചെറുതും വലുതുമായ സംഘടനകളെയും കൂട്ടായ്‌മകളെയും ഇക്കാര്യത്തിൽ അഭിനന്ദിക്കുകയാണ് വേണ്ടത്.
വിസ കാലാവധി കഴിയാൻ പോകുന്നവർക്ക് ഇതിനിടയിലും ആശ്വാസം സമാജം തന്നെയാണ്. അടുത്ത ദിവസങ്ങളിൽ വന്ന വിമാനങ്ങളിൽ എല്ലാം സമാജം അവർക്കായി സീറ്റുകൾ തരപ്പെടുത്തി. ഇനിയും നിരവധി പേർ തിരിച്ചുവന്ന് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നു. അവർക്ക് എയർ ബബ്ൾ വഴിയും പ്രത്യേക വിമാനങ്ങൾ വഴിയും സീറ്റ് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
