നവീകരിച്ച സൽമാനിയ അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: നവീകരിച്ച സൽമാനിയ അത്യാഹിത വിഭാഗം ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ മേജർ ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിൽ നിരവധി നവീകരണങ്ങളും മാറ്റങ്ങളുമാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിൽ പൊതു, സ്വകാര്യ ആശുപത്രികളും ഹെൽത്ത് സെന്ററുകളും ഒരുപോലെ പങ്കാളികളാകും. സൽമാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗം അനുഭവിച്ചിരുന്ന അസൗകര്യങ്ങൾ പരിഹരിക്കാൻ നവീകരണത്തിലൂടെ സാധ്യമായിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നവർക്ക് വേഗത്തിൽ ചികിത്സ ലഭിക്കാനും പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ സ്പെഷലിസ്റ്റ് ഡിപ്പാർട്മെന്റുകളിലടക്കം മികച്ച ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് വ്യക്തമാക്കി. വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് പദ്ധതികളാവിഷ്കരിച്ച് മുന്നോട്ടുപോകുന്നതായും അവർ പറഞ്ഞു.
വിവിധ സേവന മേഖലകൾ മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതികൾ വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് ഗവേണിങ് കൗൺസിൽ ചെയർമാൻ ശൈഖ് ഹിശാം ബിൻ അബ്ദുൽ അസീസ് ആൽ ഖലീഫ വ്യക്തമാക്കി. സർക്കാർ ആശുപത്രികളുടെ പ്രവർത്തനം ഏറെ മെച്ചപ്പെടുകയും വിവിധ ചികിത്സകൾ മികച്ച രൂപത്തിൽ ലഭിക്കുന്ന ഇടങ്ങളായി മാറിയതായും അദ്ദേഹം പറഞ്ഞു.
സൽമാനിയ എമർജൻസി വിഭാഗത്തിൽ നടത്തിയ നവീകരണവും വികസനവും കൂടുതൽ രോഗികളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് ഗവേണിങ് കൗൺസിൽ സി.ഇ.ഒ ഡോ. അഹ്മദ് മുഹമ്മദ് അൽ അന്സാരി വ്യക്തമാക്കി. നേരത്തേ 80 ബെഡാണ് ഇവിടെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 120 ആക്കി വർധിപ്പിച്ചിട്ടുണ്ട്. ഏഴു കൺസൽട്ടിങ് മുറികളും 15 റിക്കവറി മുറികളും അഞ്ച് ക്ലാസിഫിക്കേഷൻ മുറികളും മൂന്ന് ട്രീറ്റ്മെന്റ് മുറികളുമാണ് ഒരുക്കിയിട്ടുള്ളത്. വെയിറ്റിങ് ഏരിയയിൽ 120 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ വികസിപ്പിച്ചിട്ടുണ്ട്. ദിനേന 1300 ലധികം പേരാണ് സൽമാനിയ എമർജൻസിയിൽ ചികിത്സ തേടിയെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.