മനോഹര കാഴ്ചകളൊരുക്കി സല്ലാഖ് സ്പ്രിങ്സ്
text_fieldsസല്ലാഖ് സ്പ്രിങ്സ്
ജാഫർ പൂളക്കൽ
മനാമ: ഷോപ്പിങ്ങിനും ഉല്ലാസത്തിനും ഇഷ്ടഭക്ഷണം കഴിക്കാനും പറ്റിയൊരു സ്ഥലം തിരഞ്ഞ് നടക്കുന്നവരെ മാടിവിളിക്കുകയാണ് സല്ലാഖ് സ്പ്രിങ്സ്. പ്രകൃതിയോട് ഇണങ്ങിച്ചേർന്ന മനോഹരങ്ങളായ കെട്ടിടങ്ങളും കൃത്രിമമായി ഉണ്ടാക്കിയ തടാകങ്ങളും പച്ചപ്പുകളും അടങ്ങിയ ഷോപ്പിങ് മേഖലയാണ് സല്ലാഖ് സ്പ്രിങ്സ്.
കഫേകളും റസ്റ്റാറന്റുകളും വിവിധ ഷോപ്പിങ് സെന്ററുകളും ചേർന്ന് മികച്ചൊരു ഷോപ്പിങ് അനുഭവമാണ് സന്ദർശകർക്ക് നൽകുന്നത്.
ഇതിനു ചുറ്റുമുള്ള വാട്ടർ ഗാർഡനിലെ ഫൗണ്ടനുകളും ഫ്ലമിംഗോ പക്ഷികളും അരയന്നങ്ങളും മത്സ്യങ്ങളും കൗതുകമുണർത്തുന്ന കാഴ്ചകളാണ്. ഇവയൊക്കെ കണ്ടാസ്വാദിക്കാനും ഫോട്ടോയെടുക്കാനും നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്നത്. ആളുകൾക്ക് പ്രകൃതിയെ ആസ്വദിക്കാൻ വേണ്ടുവോളം കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സല്ലാക്ക് സോഫി ടെൽ ഹോട്ടലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഷോപ്പിങ് മേഖല രാവിലെ ആറ് മണി മുതൽ രാത്രി 12 മണി വരെയാണ് പ്രവർത്തിക്കുന്നത്. ജാപ്പനീസ് സെൻ ഉദ്യാനത്തിെന്റ മാതൃകയിലുള്ള ഈ ഷോപ്പിങ് കേന്ദ്രം നിരവധി മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രം കൂടിയാണിത്. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 25,338 ചതുരശ്ര മീറ്റർ പ്രദേശത്ത് 16 ഷോപ്പുകൾ, ഒമ്പത് റസ്റ്റാറന്റുകൾ/കഫേകൾ, ഡ്രൈവ്ത്രൂ കഫേ, വിശാലമായ കാർ പാർക്കിങ് സ്ഥലം തുടങ്ങിയവയുണ്ട്.