സ്വദേശി ജീവനക്കാരുടെ ശമ്പളം ഇൻഷുറൻസ് ഫണ്ടിൽ നിന്ന് നൽകും; രജിസ്ട്രേഷൻ നാളെ അവസാനിക്കും
text_fieldsമനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിലുള്ള സ്വദേശി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം തൊഴിലില്ലായ്മ ഇൻഷുറൻസ് ഫണ്ടിൽ നിന്ന് നൽകുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ (ചൊവ്വ) അവസാനിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് നിശ്ചിത സമയത്തിനകം ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ സി.ഇ.ഒ സഹർ റാഷിദ് അൽ മന്നായി അറിയിച്ചു. ഇത് സംബന്ധിച്ച അടിയന്തര നിയമഭേദഗതിക്ക് ശൂറാ കൗൺസിൽ ഐകകണ്ഠ്യേന അംഗീകാരം നൽകിയതിനെ തുടർന്നാണ് തീരുമാനം.
സ്വദേശി തൊഴിലാളികളുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കാനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിയമഭേദഗതിക്ക് ലെജിസ്ലേറ്റീവ് അതോറിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നു. താല്പര്യമുള്ള തൊഴിലുടമകൾ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ വെബ്സൈറ്റ് (www.sio.gov.bh) വഴി ഏപ്രിൽ 28-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഏപ്രിൽ മാസത്തെ ഇൻഷുറൻസ് രേഖകൾ പ്രകാരമുള്ള ശമ്പളമാണ് അനുവദിക്കുക. തൊഴിലുടമകൾ ജീവനക്കാർക്ക് സാധാരണ പോലെ ശമ്പളം നൽകണം. തുടർന്ന് നിയമം പ്രാബല്യത്തിൽ വരുന്ന മുറയ്ക്ക് ഏപ്രിൽ 30-ഓടെ ഈ തുക സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് എസ്.ഐ.ഒ കൈമാറും.
സ്ഥാപന ഉടമകൾ തങ്ങളുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റിൽ പ്രവേശിച്ച്, മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഐബാൻ നമ്പർ പരിശോധിക്കാനും ആവശ്യമെങ്കിൽ പുതിയ രേഖകൾ സഹിതം അപ്ഡേറ്റ് ചെയ്യാനും സൗകര്യമുണ്ട്. ലേബർ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിയിലെ സാമ്പത്തിക ചലനങ്ങൾ നിലനിർത്തുന്നതിനും സ്വദേശി തൊഴിൽ ശക്തിയെ സംരക്ഷിക്കുന്നതിനും ഈ തീരുമാനം ഏറെ ഗുണകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

