സ്വകാര്യ മേഖലയിൽ ശമ്പളം വൈകുന്നു
text_fieldsമനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയിൽ ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷത്തിനിടെ ലേബർ ആൻഡ് ലീഗൽ അഫയേഴ്സ് മന്ത്രാലയത്തിന് ലഭിച്ചത് 2300ലധികം പരാതികൾ. 'വേജ് പ്രൊട്ടക്ഷൻ സിസ്റ്റം' വഴി ഭൂരിഭാഗം കമ്പനികളും ശമ്പളം നൽകുന്നുണ്ടെങ്കിലും,
ചിലയിടങ്ങളിൽ ശമ്പളം വൈകുന്നത് തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വർധിച്ചുവരുന്ന പരാതികൾ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും ശമ്പളം വൈകുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ വർധനയുണ്ടാകുന്നുണ്ട്. പാർലമെന്റ് അംഗം ഹിശാം അൽ അവാദിയുടെ ചോദ്യത്തിന് മറുപടിയായി ലേബർ ആൻഡ് ലീഗൽ അഫയേഴ്സ് മന്ത്രി യൂസുഫ് ഖലഫ് ആണ് ഈ വിവരങ്ങൾ സഭയെ അറിയിച്ചത്. ശമ്പളം കൃത്യസമയത്ത് നൽകേണ്ടത് തൊഴിലുടമയുടെ നിയമപരമായ ബാധ്യതയാണെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2012ലെ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമം (ആർട്ടിക്ൾ 40) പ്രകാരം, ശമ്പളം വൈകിയാൽ ആദ്യ ആറ് മാസം വരെ വൈകിയ തുകയുടെ ആറ് ശതമാനം നഷ്ടപരിഹാരമായി നൽകണം. അതിനുശേഷമുള്ള ഓരോ മാസത്തിനും ഒരു ശതമാനം വീതം (പരമാവധി വർഷം 12 ശതമാനം) അധികമായി നൽകേണ്ടിവരും.
ശരിയായ കാരണമില്ലാതെ ശമ്പളം വൈകിപ്പിക്കുന്ന തൊഴിലുടമകൾ ഓരോ തൊഴിലാളിക്കും 200 മുതൽ 500 വരെ ദീനാർ പിഴ നൽകണം. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ബാങ്കുകൾ വഴിയും അംഗീകൃത പേമെന്റ് സേവനങ്ങൾ വഴിയും ശമ്പളം നൽകുന്നത് നിരീക്ഷിക്കാൻ മന്ത്രാലയത്തിന് സാധിക്കുന്നുണ്ട്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ 99.3 ശതമാനവും ഡബ്ല്യു.പി.എസ് സംവിധാനവുമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ശമ്പളം തൊഴിലാളിയുടെ ജീവിതോപാധിയാണ്. അത് വൈകുന്നത് കുടുംബങ്ങളെയും സാമ്പത്തിക സ്ഥിതിയെയും നേരിട്ട് ബാധിക്കും.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മന്ത്രാലയം നിരന്തരം പരിശോധനകൾ നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പരാതി ലഭിച്ചാലുടൻ പരിശോധന നടത്തുകയും തൊഴിലുടമയെയും തൊഴിലാളിയെയും വിളിച്ച് പേമെന്റ് ഷെഡ്യൂൾ തയാറാക്കുകയും ചെയ്യും. ഒത്തുതീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടാൽ കേസുകൾ കോടതിയുടെ പരിഗണനക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

