മാധ്യമങ്ങള്‍ വ്യാപാരസ്ഥാപനങ്ങളായി മാറിയെന്ന് സക്കറിയ
text_fieldsമനാമ: അസഹിഷ്ണുത എക്കാലവും ഏതെങ്കിലും തരത്തില്‍ സമൂഹത്തില്‍ നിലനിന്നിരുന്നെങ്കിലും ഇന്നത് രാഷ്ട്രീയ ആയുധമായി മാറിയെന്ന് എഴുത്തുകാരന്‍ സക്കറിയ പറഞ്ഞു. ബഹ്റൈനില്‍ ‘ഗള്‍ഫ് മാധ്യമവു’മായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളുടെ മനസില്‍ ജാതി, മതം തുടങ്ങിയ പല ബലംപിടുത്തങ്ങള്‍ മുമ്പും നിലനിന്നിട്ടുണ്ട്.പക്ഷേ അതിന് ഇന്നത്തെ തലം കൈവന്നിരുന്നില്ല. ഇന്ന്, ആളുകളെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുള്ള ഉപകരണമായി അസഹിഷ്ണുത ഉപയോഗിക്കപ്പെടുകയാണ്. ഇതിനിടയില്‍ മാധ്യമങ്ങളുടെ പ്രവൃത്തികള്‍ വിലയിരുത്തുമ്പോള്‍, ഈ അസഹിഷ്ണുത പോലും വലിയ സംഭവമല്ല എന്ന് തോന്നിപ്പോകും. കാരണം, ഈ കാര്യങ്ങളും വ്യാപാരമാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. അതുവഴി, അസഹിഷ്ണുതക്ക് സമൂഹത്തില്‍ നീതികരണം കിട്ടുകയാണ്. വെള്ളാപ്പള്ളി നടേശനും മറ്റും നടത്തുന്ന വിഷമയമായ പ്രസ്താവനകള്‍ വലിയ പ്രസക്തിയോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പറയുന്ന കാര്യങ്ങള്‍ എന്താണ് എന്ന വിലയിരുത്തിയല്ല റിപ്പോര്‍ട്ടിന് പ്രാധാന്യം നല്‍കുന്നത്. ഇതുവഴി ഇത്തരം വിഷലിപ്തമായ നിലപാടുകള്‍ പതിയെ സമൂഹത്തില്‍ ഇടംനേടുകയാണ്. വലിയ മൂലധന താല്‍പര്യങ്ങളുമായാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലാഭത്തിനും വളര്‍ച്ചക്കുംവേണ്ടി എന്തും ചെയ്യാം എന്ന അവസ്ഥയിലേക്ക് അവര്‍ മാറിയിരിക്കുന്നു. വിവിധ പദ്ധതികളില്‍ മാധ്യമങ്ങള്‍ നടത്തുന്നത് ഭീമന്‍ നിക്ഷേപമാണ്. അന്ധവിശ്വാസമുള്‍പ്പെടെയുള്ള കാര്യങ്ങളെ ഒരു വിപണന ഉല്‍പന്നമായാണ് അവര്‍ കാണുന്നത്. മാധ്യമങ്ങള്‍ ദീര്‍ഘകാലമായി പൊതുസമൂഹത്തില്‍ ഇടപെടുന്നുണ്ട്. പക്ഷേ, വിമോചന സമരകാലം അതിന്‍െറ പ്രത്യക്ഷ ഇടപെടലിന്‍െറ ഒരു പ്രധാനഘട്ടമാണ്.എല്ലാ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ-സാമുദായിക താല്‍പര്യങ്ങളുണ്ടായിരുന്നു. പക്ഷേ, ജനാധിപത്യവും വോട്ടെടുപ്പും വന്നതോടെ, അധികാരത്തിനായി മാധ്യമങ്ങളെ ഉപയോഗപ്പെടുത്താം എന്ന അവസ്ഥവന്നു.
വിജയവും പരാജയവും നിര്‍ണയിക്കാന്‍ തങ്ങള്‍ക്കാകുമെന്ന് മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടു. മാധ്യമങ്ങള്‍ ‘രക്തം രുചിച്ച’ കാലമാണ് വിമോചന സമരത്തിന്‍െറ സമയം. ഇതിന് ശേഷം എഡീഷനുകളും മറ്റും വന്നതോടെ, ശക്തമായ മത്സരം മാധ്യമങ്ങള്‍ക്കിടയില്‍ തന്നെ വന്നു. ഇതെല്ലാം ഉള്ളടക്കത്തെ ബാധിച്ചിട്ടുണ്ട്. മോശം കാര്യങ്ങളെ രണ്ട് രൂപത്തിലാണ് മാധ്യമങ്ങള്‍ പിന്തുണക്കുന്നത്. ഒന്ന്, എന്തിനും പിന്തുണയും ഇടവും നല്‍കലാണ്. മറ്റൊന്ന് എന്ത് ഭീകരപ്രവൃത്തിയുണ്ടായാലും മിണ്ടാതിരിക്കുക എന്നതാണ്.
തിരുവനന്തപുരത്ത് നൂറോ നൂറ്റമ്പതോ പേര്‍ പങ്കെടുത്തിരുന്ന ഒരു പരിപാടിയായിരുന്നു പൊങ്കാല. അതൊരു കാര്‍ണിവലാക്കി മാറ്റിയത് മാധ്യമങ്ങളാണ്. ബീമാപള്ളിയെയും വെട്ടുകാട് പള്ളിയെയുമെല്ലാം ചുറ്റിപ്പറ്റി ഇത്തരം ശ്രമങ്ങളുണ്ടായിരുന്നു. അതൊന്നും വിജയിച്ചില്ളെന്ന് മാത്രം. ഇവിടെയെല്ലാം മാധ്യമങ്ങള്‍ അടിസ്ഥാന ധാര്‍മികത കൈവിടുകയാണ്. ടി.വി.യുടെ വരവോടെ പത്രങ്ങളുടെ നാശം പൂര്‍ണമായി എന്നുപറയാം. മാധ്യമലോകത്ത് ഒരു നവോഥാനം തന്നെ ഉണ്ടാകേണ്ടതുണ്ട്. ആ വെളിച്ചമുണ്ടാകേണ്ടത് ഇതില്‍ നിക്ഷേപം നടത്തിയ മുതലാളിമാര്‍ക്കാണ്.
എല്ലാ മൂല്യസമ്പ്രദായങ്ങളെയും വലിച്ച് തോട്ടിലെറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിപണമൂല്യമുള്ള എന്തും ഉപയോഗപ്പെടുത്തുക എന്നതാണ് നമ്മുടെ രീതി. പി.സി.ജോര്‍ജിനെയൊക്കെ മാധ്യമങ്ങള്‍ പ്രൈംടൈമില്‍ ഉപയോഗപ്പെടുന്നത് അങ്ങനെയാണെന്നും സക്കറിയ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാറിന്‍െറ ശക്തമായ ഇടപെടല്‍ വേണം. ലിംഗപരമായ വേര്‍തിരിവുകളുടെ സംസ്കാരം ചെറുപ്രായത്തിലേ അടിച്ചേല്‍പ്പിക്കാനാണ് ചില സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്.
യൂറോപ്പിലും മറ്റും ഈ വേര്‍തിരിവ് അവര്‍ മായ്ച്ചുകളയുകയാണ് ചെയ്യുന്നത്. സര്‍ക്കാറിന് കൂടുതല്‍ ഇഛാശക്തിയുണ്ടാകണം. ആര്‍.എസ്.എസ് പ്രധാനമായും ഇപ്പോള്‍ ലക്ഷ്യമിടുന്നത് വിദ്യാഭ്യാസരംഗമാണ്. ഇതുവഴി, പുതുതലമുറയെ ആകെ തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് അനുകൂലമാക്കാം എന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.
നവസാമൂഹിക മാധ്യമങ്ങള്‍ വന്നതോടെ എഴുത്തിന്‍െറ സീമകള്‍ വലുതായി. പത്രാധിപരുടെ കാരുണ്യം കാത്തിരിക്കേണ്ട അവസ്ഥ മാറി. ഒരു പാട് നല്ല രചനകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാമെന്നും എഴുത്ത് സജീവമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
