സേക്രഡ് ഹാർട്ട് ദേവാലയം ഇനി 'വികാരിയേറ്റ് തീർഥാടന കേന്ദ്രം'
text_fieldsബഹ്റൈനിലെ സേക്രഡ് ഹാർട്ട് ദേവാലയം 'വികാരിയേറ്റ്
തീർഥാടന കേന്ദ്രമായി' പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്ന്
മനാമ: വടക്കൻ അറേബ്യൻ വികാരിയേറ്റിലെ മാതൃദേവാലയമായ ബഹ്റൈനിലെ സേക്രഡ് ഹാർട്ട് കത്തോലിക്കാ ദേവാലയം ചരിത്രത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിച്ചു. 85 വർഷത്തെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്ന ഈ ദേവാലയത്തെ ഔദ്യോഗികമായി ‘തിരുഹൃദയത്തിന്റെ വികാരിയേറ്റ് തീർഥാടന കേന്ദ്രമായി’ പ്രഖ്യാപിച്ചു. വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡി ഒ.എസ്.ടി മുഖ്യകാർമികത്വം വഹിച്ച ദിവ്യബലിയിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനവും സമർപ്പണവും നടന്നത്. ഈ പുതിയ തീർഥാടന കേന്ദ്രത്തിന്റെ ആദ്യത്തെ റെക്ടർ ആയി തിരുഹൃദയ ദേവാലയം ഇടവക വികാരി ഫ്രാൻസിസ് ജോസഫ് പടവുപുരക്കൽ ഒ.എഫ്.എം കാപിനെ നിയമിച്ചു. ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കൻ അറേബ്യൻ വികാരിയേറ്റിന്റെ ആത്മീയ തീർഥാടന കേന്ദ്രമായി ഇനി ഈ പള്ളി മാറും.
പുതിയ പ്രഖ്യാപനത്തോടെ, ഈ മേഖലയിലെ വിശ്വാസികൾക്ക് തിരുഹൃദയത്തോടുള്ള ഭക്തിയിൽ ആഴപ്പെടാനും തങ്ങളുടെ വിശ്വാസയാത്രക്ക് ശക്തിപകരാനുമുള്ള വലിയൊരു കേന്ദ്രമായി ദേവാലയം മാറും. ഈ മേഖലയിൽ കത്തോലിക്ക സഭയുടെ സാന്നിധ്യത്തെയും ദൗത്യത്തെയും കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ 85 വർഷക്കാലം ആയിരക്കണക്കിന് വിശ്വാസികൾക്ക് ആത്മീയമായി അഭയവും ആശ്വാസവും നൽകിയ ഈ മാതൃദേവാലയം ഒരു വികാരിയേറ്റ് തീർഥാടന കേന്ദ്രമായി മാറുമ്പോൾ, തിരുഹൃദയത്തിന്റെ അനന്തമായ സ്നേഹം കൂടുതൽ പേരിലേക്ക് പകരപ്പെടും എന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

