സചിൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാർ
text_fieldsട്രാവൽ നൈറ്റ് സൂപ്പർ 7 ക്രിക്കറ്റ് ടൂർണമെൻറിൽ ചാമ്പ്യന്മാരായ സചിൻ ക്രിക്കറ്റ് ക്ലബ് ടീം
മനാമ: ട്രാവൽ നൈറ്റ് സൂപ്പർ 7 ക്രിക്കറ്റ് ടൂർണമെൻറിൽ സചിൻ ക്രിക്കറ്റ് ക്ലബ് ബഹ്റൈൻ ചാമ്പ്യന്മാരായി. ആവേശകരമായ മത്സരത്തിൽ ടൊർണാഡോ ബഹ്റൈൻ ക്രിക്കറ്റ് ക്ലബിനെ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് സചിൻ ക്രിക്കറ്റ് ക്ലബ് ജേതാക്കളായത്.
ആദ്യം ബാറ്റ് ചെയ്ത ടൊർണാഡോ നിശ്ചിത 15 ഓവറിൽ 107 റൺസ് സ്കോർ ചെയ്തു. ടൊർണാഡോക്കുവേണ്ടി യാസിർ ഇമ്രാൻ 36 പന്തിൽ 57 റൺസ് എടുത്ത് ടോപ് സ്കോററായി, മുഹമ്മദ് സഫ്ദർ 28 റൺസ് എടുത്തു മികച്ച പിന്തുണ നൽകി.
സചിൻ ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി മുഹ്സിൻ ഖാൻ രണ്ടു വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ആസിദ നാഷ്, ശ്യാം രാജ്, രഞ്ജിത്ത്, അരുൺ തുടങ്ങിയവർ മികച്ച പിന്തുണ നൽകി. തുടർന്ന് ബാറ്റ് ചെയ്ത സചിൻ ക്രിക്കറ്റ് ക്ലബ് രണ്ട് ഓവർ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.
സ്റ്റാർ ബാറ്റർ രഞ്ജിത്ത് 14 പന്തിൽ 27 റൺസും അർജുൻ 18 റൺസും നേടി. എട്ട് പന്തിൽ 17 റൺസ് നേടി അരുണും, ഒമ്പത് പന്തിൽ 16 റൺസ് നേടി ശ്യാം രാജും ടീമിനെ വിജയത്തിലെത്തിച്ചു. ടൊർണാഡോ ബഹ്റൈനുവേണ്ടി നിഖിലേഷ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
മികച്ച ഓൾറൗണ്ട് പെർഫോമൻസ് കാഴ്ചവെച്ച സചിൻ ക്രിക്കറ്റ് ക്ലബിന്റെ രഞ്ജിത്ത് മാൻ ഓഫ് ദ ഫൈനൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.

