വഴികാട്ടിയായി റയ്യാൻ ഓറിയന്റേഷൻ പ്രോഗ്രാം
text_fieldsറയ്യാൻ ഓറിയന്റേഷൻ പ്രോഗ്രാമിൽ നിന്ന്
മനാമ: സമൂഹത്തിൽ വർധിച്ചുവരുന്ന ലെസ്ബിയൻ ആശയങ്ങൾ, ജെൻഡർ ആക്ടിവിസം, എൽ.ജി.ബി.ടി.ക്യു പ്രസ്ഥാനങ്ങൾ എന്നിവയിൽനിന്ന് കുട്ടികളെ രക്ഷിക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണെന്ന് റയ്യാൻ സെന്റർ സംഘടിപ്പിച്ച 'ഫ്യൂച്ചർ ലൈറ്റ്സ് 2.0' ഓറിയന്റേഷൻ പ്രോഗ്രാമിൽ സജ്ജാദ് ബിൻ അബ്ദുൽ റസാഖ് ഓർമിപ്പിച്ചു.
പാശ്ചാത്യസമൂഹത്തിൽനിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ഈ ആശയങ്ങൾ പുരോഗമനത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വരും തലമുറയെ വഴിതെറ്റിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടികൾ അനുഭവിക്കുന്ന മാനസികപ്രശ്നങ്ങളെ അവഗണിച്ച് എൽ.ജി.ബി.ടി.ക്യു വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ദോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരന്റിങ് സെഷനിലാണ് സജ്ജാദ് ബിൻ അബ്ദുൽ റസാഖ് ഈ വിഷയങ്ങൾ സംസാരിച്ചത്. മുതിർന്ന തലമുറ (ജെൻ എക്സ്, ജെൻ എം) വരയ്ക്കുന്ന ചട്ടക്കൂടിനുള്ളിൽ പുതിയ തലമുറ (ജെൻ സെഡ്, ജെൻ എ) ഒതുങ്ങണമെന്ന് നിർബന്ധിക്കുന്നത് കുട്ടികളിൽ മാനസികപ്രയാസങ്ങളുണ്ടാക്കുകയും വഴിതെറ്റാൻ കാരണമാവുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവതലമുറയിലെ മാനസികപ്രശ്നങ്ങൾക്കും വഴിവിട്ട പോക്കുകൾക്കും പരിഹാരം കൃത്യമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മതവിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് 'മതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച വസീം അൽ ഹിക്കമി പറഞ്ഞു. ഇതിനായി രക്ഷിതാക്കൾ താൽപര്യപൂർവം മുന്നോട്ടുവരണമെന്നും റയ്യാൻ സ്റ്റഡി സെന്റർ ഇത്തരം ഇടപെടലുകളാണ് സമൂഹത്തിൽ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റയ്യാൻ സ്റ്റഡി സെന്ററിന്റെ ലക്ഷ്യങ്ങൾ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം അവതരിപ്പിച്ചു. വിദ്യാർഥികളായ മിൻഹാൻ, ഹയ അബ്ദുൽ ഗഫൂർ, മെഹക് എന്നിവർ സമ്മർപരിപാടികളെക്കുറിച്ച് വിശദീകരണം നൽകി. ഡോ. ഖൈസും രക്ഷിതാക്കളും സമ്മർപരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അബ്ദുൽ അസീസ് ടി.പി, ഡോ. ഖൈസ് എന്നിവർ അനുമോദനപ്രസംഗം നടത്തി. സാദിഖ് ബിൻ യഹിയ സ്വാഗതവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

