ബഹ്റൈനിൽ നടന്ന മുങ്ങൽ മത്സരത്തിൽ ജേതാവായി റഷ്യൻ പ്രവാസി
text_fieldsആൻഡ്രി കിരിചെങ്കോ
മനാമ: രാജ്യത്തിന്റെ പൈതൃകത്തെ മത്സരങ്ങളുടെ ഭാഗമായി നടത്തിയ മുങ്ങൽ മത്സരത്തിൽ ജേതാവായി റഷ്യൻ പ്രവാസി. ബഹ്‌റൈൻ പൈതൃകത്തിന്റെ ഓർമ്മപ്പെടുത്തലായ ആഴക്കടലിലെ ശ്വാസം അടക്കിപ്പിടിക്കൽ മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ്റഷ്യൻ പ്രവാസിയായ ആൻഡ്രി കിരിചെങ്കോ കിരീടം നേടിയത്. നാല് മിനിറ്റും 44 സെക്കൻഡും വെള്ളത്തിനടിയിൽ ശ്വാസം അടക്കിനിർത്തിയാണ് 36കാരനായ ഇയാൾ വിജയം സ്വന്തമാക്കിയത്.
ഒരു ബഹ്‌റൈനിയല്ലാത്ത ഒരാളായിട്ടും ബഹ്‌റൈൻ പൈതൃകവുമായി ബന്ധപ്പെട്ട ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ സന്തോഷവും ബഹുമതിയുമായി കാണുന്നുവെന്ന് കിരിചെങ്കോ പറഞ്ഞു.വെള്ളിയാഴ്ച നടന്ന മത്സരത്തിൽ തന്റെ മുൻ റെക്കോർഡ് 30 സെക്കൻഡിന്റെ വ്യത്യാസത്തിൽ മെച്ചപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. ഈ വർഷത്തെ മത്സരം വളരെ ബുദ്ധിമുട്ടായിരുന്നു. വെള്ളം മുകളിലേക്ക് വലിച്ചുയർത്തുന്നതുകൊണ്ട് വെള്ളത്തിനടിയിൽ നിൽക്കുന്നത് വലിയ വെല്ലുവിളിയായി. അതിന് കൂടുതൽ പ്രയത്നം ആവശ്യമായി വന്നു, കൂടുതൽ ഓക്സിജൻ ഉപയോഗിക്കേണ്ടിവന്നുവെന്നും അദ്ദേഹം പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
പുതിയ നിയമം അനുസരിച്ച്, മത്സരാർത്ഥികൾ വെള്ളത്തിനടിയിൽ രണ്ട് മീറ്റർ ആഴത്തിൽ നിൽക്കണമായിരുന്നു. ഓക്സിജൻ സപ്ലൈ ഇല്ലാതെ വെള്ളത്തിനടിയിലേക്ക് നീന്തിച്ചെന്ന് ശ്വാസം അടക്കിനിർത്തുന്ന ഒരു ഹോബിയാണ് ഫ്രീ-ഡൈവിംഗ്.2019 മുതൽ ബഹ്‌റൈൻ പ്രവാസിയായ കരിചെങ്കോ വിവാഹം ചെയ്തത് ബഹ്‌റൈൻ സ്വദേശിനിയായ ഫാത്തിമയെയാണ്. നീന്തൽ, മുങ്ങൽ, സ്പിയർ ഫിഷിംഗ് തുടങ്ങിയ വെള്ളവുമായി ബന്ധപ്പെട്ട മേഖലയിൽ തൽപരനാണ് ഇദ്ദേഹം.
ബഹ്‌റൈൻ ഇൻഹെറിറ്റഡ് ട്രഡീഷണൽ സ്പോർട്സ് കമ്മിറ്റിയുടെ (മൗറൂത്ത്) നേതൃത്വത്തിൽ അംവാജ് ദ്വീപുകൾക്ക് സമീപം നടന്ന ഈ മത്സരത്തിൽ ഏകദേശം 50 മത്സരാർത്ഥികളാണ് പങ്കെടുത്തത്. ബഹ്‌റൈനിലെ മുത്ത് മുങ്ങൽ വിദഗ്ദ്ധർ ഒരു കാലത്ത് പ്രശസ്തരായ ഫ്രീ-ഡൈവർമാരായിരുന്നു. അവർക്ക് ഒരുതവണ ഒന്നുമുതൽ നാല് മിനിറ്റ് വരെ ശ്വാസം അടക്കിനിർത്താൻ കഴിവുണ്ടായിരുന്നു. ഭാരമുള്ള കയർ, ഒരു കൊട്ട, ശ്വാസം നിയന്ത്രിക്കാനുള്ള മൂക്കടപ്പ് എന്നിവയുടെ സഹായത്തോടെയാണ് അവർ മുങ്ങിക്കൊണ്ടിരുന്നത്.മത്സരത്തിൽ പങ്കെടുത്ത എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സംഘാടക സമിതി ഒരുക്കിയിരുന്നു. രാജ്യത്തിന്റെ യഥാർത്ഥ സമുദ്ര പൈതൃകം പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന വാർഷിക പരിപാടിയാണ് മൗറൂത്ത് സംഘടിപ്പിക്കുന്ന ഈ മത്സരം.
ഈ പരിപാടിക്ക് മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയാണ് സ്പോൺസർ ചെയ്യുന്നത്. ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും ഇതിനുണ്ട്. ജൂലൈയിൽ ആരംഭിച്ച ഈ സീസൺ നവംബർ പകുതി വരെ തുടരും. പരമ്പരാഗത തുഴച്ചിൽ, ഓപ്പൺ വാട്ടർ നീന്തൽ മത്സരങ്ങൾ, 'ഹദഖ്' എന്ന പേരിലുള്ള മത്സ്യബന്ധന മത്സരം, പേൾ ഡൈവിങ് മത്സരം എന്നിവയും ഈ സീസണിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

