ദീപാവലി ആഘോഷത്തിന് രാജകീയ ശോഭ
text_fieldsദീപാവലി ആഘോഷങ്ങൾക്കായെത്തിയ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയൊ
പമ്പാവാസൻ നായർ സ്വീകരിക്കുന്നു
മനാമ: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം വർണ്ണാഭമായ പരിപാടികളോടെയും കുടുംബ സംഗമങ്ങളോടെയും ആഘോഷിച്ചു. പ്രവാസലോകത്തെ സാംസ്കാരിക അഭിമാനത്തെയും ഐക്യത്തെയും അടയാളപ്പെടുത്തിയ ഈ ആഘോഷങ്ങളിൽ പങ്കുചേരാനെത്തിയ ബഹ്‌റൈൻ രാജകുടുംബത്തിന്‍റെ സാന്നിധ്യം പ്രത്യേക ശോഭ പകർന്നു.
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധീകരിച്ച് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രമുഖ ഇന്ത്യൻ വ്യവസായിയും ഇൻഡസ്ട്രിയലിസ്റ്റുമായ പമ്പാവാസൻ നായരുടെ വസതിയിൽ ആഘോഷങ്ങളിൽ പങ്കെടുത്തു. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, സാംസ്കാരിക സൗഹൃദത്തോടും മതപരമായ ബഹുമാനത്തോടുമുള്ള ബഹ്‌റൈൻ്റെ ഉറച്ച പ്രതിബദ്ധതയാണ് ഈ സന്ദർശനം അടിവരയിടുന്നത്.
ശൈഖ് മുഹമ്മദ് ബിൻ സൽമാൻ നടത്തിയ സന്ദർശനം ആഘോഷത്തിൻ്റെ പ്രധാന ആകർഷണമായി. ഹിസ് ഹൈനസിന്റെ സാന്നിധ്യത്തിലൂടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ഓർമ്മകളിൽ ഒന്നായി ഈ ആഘോഷം മാറിയെന്ന് പമ്പാവാസൻ നായർ പറഞ്ഞു. ഇത് തങ്ങൾക്കും കുടുംബത്തിനും അത്യധികം സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പമ്പാവാസൻ നായരും കുടുംബവും ശൈഖ് മുഹമ്മദ് ബിൻ സൽമാനോടൊപ്പം
ആഘോഷത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ശൈഖ് മുഹമ്മദിനൊപ്പം കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ ആൽ മൽക്കി, കിരീടാവകാശിയുടെ കോർട്ടിലെ രാഷ്ട്രീയ സാമ്പത്തിക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഈസ മുഹമ്മദ് ഈസ ആൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽമാരായ ശൈഖ് ഫഹദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഖലീഫ, ഹമദ് യാക്കൂബ് ആൽ മഹ്മീദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ഉൾപ്പെടെ ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരും ആഘോഷങ്ങളിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി കാര്യ ഉപദേഷ്ടാവ് അലി ബിൻ ആൽ ശൈഖ് അബ്ദുൾഹുസൈൻ ആൽ അസ്ഫൂർ, ഡോ. മുസ്തഫ ആൽ സയ്യിദ്, എം.പി മുഹമ്മദ് ഹുസൈൻ ആൽ ജനാഹി എന്നിവരും വിശിഷ്ടാതിഥികളായെത്തി.
പ്രവാസികൾക്ക് അവരുടെ പൈതൃകം ആഘോഷിക്കാനും പരമ്പരാഗത മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറാനും സ്വാതന്ത്ര്യമുള്ള ബഹ്‌റൈന്‍റെ ചേർത്തുപിടിക്കുന്ന മനോഭാവത്തിന് ഈ ആഘോഷം സാക്ഷ്യം വഹിച്ചു. പ്രവാസികൾക്ക് ലോകത്തിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഒരിടമാണ് ബഹ്‌റൈനെന്നും സംരംഭകത്വത്തിനും സാംസ്കാരിക ആവിഷ്കാരങ്ങൾക്കും രാജ്യം നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും പമ്പാവാസൻ നായർ പറഞ്ഞു.
പരസ്പര ബഹുമാനവും സജീവമായ സാംസ്കാരിക കൈമാറ്റങ്ങളും കൊണ്ട് സമ്പന്നമായ ഊഷ്മളവും ബഹുമുഖവുമായ ബന്ധം ബഹ്‌റൈനും ഇന്ത്യയും പങ്കിടുന്നത് തുടരുകയാണ്. ദീപാവലി പോലുള്ള ഇത്തരം ആഘോഷങ്ങൾ വീടുകൾക്ക് മാത്രമല്ല, രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങൾക്കും കൂടുതൽ വെളിച്ചം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

