റോയൽ അസ്കോട്ട് കുതിരപ്പന്തയം: വിക്ടോറിയസ് ടീമിന് വിജയം
text_fieldsമനാമ: റോയൽ അസ്കോട്ട് കുതിരപ്പന്തയ ഫെസ്റ്റിവലിൽ വിക്ടോറിയസ് ടീമിന് മികച്ച നേട്ടം. കല്ലം ഷെപ്പേർഡ് ഓടിച്ച ഐൽ ഓഫ് ജുറയെന്ന കുതിര ഒന്നാം സ്ഥാനം നേടി. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉടമസ്ഥതയിലുള്ളതാണ് വിക്ടോറിയസ് ടീം. ഹമദ് രാജാവിന്റെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തുടർനടപടികളുമാണ് വിജയത്തിന് നിദാനമെന്ന് ശൈഖ് നാസർ പറഞ്ഞു. യു.കെയിലെ റോയൽ അസ്കോട്ട് പരിപാടിയിൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയോടൊപ്പം സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ പ്രഥമ ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും പങ്കെടുത്തു. വിക്ടോറിയസ് ടീമിന്റെ വിജയങ്ങൾ ബഹ്റൈൻ ഇക്വസ്ട്രിയൻ സ്പോർട്സിന്റെ മുന്നേറ്റത്തിന് സഹായകമാണ്. ഈ വിജയം വരാനിരിക്കുന്ന മത്സരങ്ങളിൽ പ്രോത്സാഹനമാണെന്നും ശൈഖ് നാസർ പറഞ്ഞു.

