ഇസ്ലാമിലെ സ്ത്രീകളുടെ പങ്ക്; പ്രാധാന്യം ചർച്ചചെയ്ത് ഇൻട്രാ-ഇസ്ലാമിക് കോൺഫറൻസ്
text_fieldsസ്ത്രീ പാനലിസ്റ്റുകൾ സംവദിച്ച ഇൻട്രാ-ഇസ്ലാമിക് കോൺഫറൻസ് വേദി
മനാമ: മുസ്ലിം സമൂഹത്തിനിടയിൽ ഐക്യം വളർത്തുന്നതിനും മുന്നേറ്റത്തിനും ഇസ്ലാമിക് സംവാദങ്ങളിലെ സ്ത്രീകളുടെ പങ്കിന്റെ പ്രാധാന്യം ചർച്ചചെയ്ത് ഇൻട്രാ-ഇസ്ലാമിക് കോൺഫറൻസ്. വ്യത്യസ്ത വിഷയങ്ങളിലായി ആറ് സെക്ഷനുകൾ ഉൾപ്പെട്ട കോൺഫറൻസിന്റെ മൂന്നാം സെക്ഷനിലായിരുന്നു ഇസ്ലാമിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംവാദം നടന്നത്. ഒമാൻ കോളജ് ഓഫ് ശരീഅ സയൻസിലെ അധികാരി ഡോ. റാഷിദ് ബിൻ അലി അൽ ഹാർതി മോഡറേറ്ററായ ചർച്ചയിൽ വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള സ്ത്രീ പാനലിസ്റ്റുകൾ പങ്കാളികളായി. സാമൂഹിക വികസനത്തിലും വിദ്യാഭ്യാസമേഖലയിലും ഇസ്ലാമിക് സംവാദവേദികളിലെയും സ്ത്രീ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ആവശ്യകതയും വേദിയിൽ ചർച്ച ചെയ്തു.
മുസ്ലിം സമൂഹത്തെ പരിപോഷിപ്പിക്കുന്നതിന് സ്ത്രീകളുമായുള്ള സഹകരണത്തിന്റെയും ധാരണയുടെയും പ്രാധാന്യം ഡോ. റാഷിദ് ബിൻ അലി ചൂണ്ടിക്കാട്ടി. ഇതുപോലുള്ള ചർച്ചകളും സ്ത്രീപങ്കാളിത്തവും നമുക്കിടയിലെ വിടവുകൾ നികത്താനും സമൂഹത്തെ ഏകീകരിക്കാനും സഹായകമാകും. സ്ത്രീകൾ സമൂഹത്തിന്റെ പകുതി മാത്രമല്ല, അവർ അതിന്റെ അടിത്തറകൂടിയാണെന്നും ഭാവികെട്ടിപ്പടുക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ചും സെക്ഷനിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ സ്ത്രീകളുടെ പദവി ശക്തിപ്പെടുത്തുന്നതിന് പരസ്പര സംവാദങ്ങളുടെയും സഹിഷ്ണുതയുടെയും ഒരു സംസ്കാരം പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അമേരിക്കയിലെ ജസ്റ്റിസ് ആൻഡ് വിസ്ഡം പ്രസിഡന്റ് ഡോ. മഹ്മൂദ് അൽ ഖുസായി പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. സ്ത്രീകളെ ശാക്തീകരിക്കുന്നതും പ്രധാന ഇസ്ലാമിക പരിപാടികളിലടക്കം പരിഗണിക്കുന്നതും മുഴുവൻ സമൂഹത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ആഹ്വാനങ്ങളെ പിന്തുണക്കുന്നതിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ഭാര്യ ഖദീജ ബീവിയുടെ അറിവിന്റെയും വിശ്വാസത്തിന്റെയും ചരിത്രം ഉദ്ധരിച്ചുകൊണ്ടായിരുന്നു ഡോ. മഹ്മൂദ് വിഷയമവതരിപ്പിച്ചത്. ഇൻട്രാ-ഇസ്ലാമിക് സംവാദങ്ങളുടെ പൂർണതക്ക് പുരുഷന്മാരുടെയും സ്ത്രീകളുടെയും സജീവ പങ്കാളിത്തം ആവശ്യമാണെന്നും ഇരുവരും സമൂഹത്തിന് ഒരുപോലെ അനിവാര്യ ഘടകമാണെന്നും ചർച്ചക്കിടെ ഖത്തറിലെ ഹമദ് ബിൻ ഖലീഫ സെന്റർ ഫോർ ഇസ്ലാമിക് സിവിലൈസേഷൻ ഡയറക്ടർ ഡോ. ആയിഷ യൂസഫ് അൽ മന്നായി പറഞ്ഞു.
സമൂഹത്തിന്റെ വളർച്ചക്ക് പുരുഷന്മാരും സ്ത്രീകളും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നില്ലെങ്കിൽ സമൂഹം അതിന്റെ പൂർണതയിൽ പുരോഗതി കൈവരിക്കാനാകില്ലെന്ന അൽ അസ്ഹർ യൂനിവേഴ്സിറ്റിയുടെ പ്രഖ്യാപനം ഉന്ധരിച്ച് സംസാരിച്ച അവർ മുസ്ലിം ലോകത്തിന്റെ സംയുക്ത വികസനത്തിന് സംഭാവന നൽകുന്നതോടൊപ്പം സാമൂഹിക, സാംസ്കാരിക, മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇരുവരും വഹിക്കുന്ന അനിവാര്യമായ പങ്കും എടുത്തുപറഞ്ഞു. കൂടാതെ ഫലസ്തീനിലെ സ്ത്രീകളുടെ പ്രതിസന്ധി ഘട്ടങ്ങളിലെ പ്രതിരോധശേഷി ചരിത്രം നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
അവിടെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുന്നതിൽ അവർ ശക്തമായി നിലകൊണ്ടു. സ്ത്രീകൾക്ക് അഭിപ്രായം പറയാനും സമൂഹവികസനത്തിൽ ഭാഗഭാക്കാവാനും കഴിവുണ്ട്. ഈ വിഷയത്തിൽ എന്തുകൊണ്ട് ഒരു സെക്ഷൻ മാത്രം നീക്കിവെച്ചു എന്ന് ചോദിച്ച ഡോ. ആയിഷ യൂസഫ് അൽ മന്നായി വരും കാലങ്ങളിൽ സംവാദവേദികളിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും അഭിപ്രായപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്ത മറ്റു പാനലിസ്റ്റുകളും സദസ്സിലിരുന്നവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

