സൽമാനിയയിലെയും ബിലാദ് അൽ ഖദീമിലെയും റോഡ് നവീകരണം അടുത്ത വർഷം പൂർത്തിയാക്കും
text_fieldsമനാമ: ക്യാപിറ്റൽ ഗവർണറേറ്റിലെ അഞ്ചാം മണ്ഡലത്തിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൽമാനിയയിലെയും ബിലാദ് അൽ ഖദീമിലെയും റോഡ് നവീകരണ പദ്ധതികൾ അടുത്ത വർഷം നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പാർലമെന്റിന്റെ സാമ്പത്തിക കാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂമിന്റെ ചോദ്യത്തിന് മറുപടിയായാണ് 2025ലും 2026ലും ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പദ്ധതികൾ മന്ത്രാലയം വിശദീകരിച്ചത്.
അൽ-ഫറാബി ഫാർമസിമുതൽ റോയൽ ഹോസ്പിറ്റൽവരെ നീളുന്ന ബ്ലോക്ക് 329ലെ റോഡ് 2904 പൂർണമായും പുനർനിർമിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങൾ 2025ന്റെ രണ്ടാം പാദത്തിൽ ആരംഭിക്കും. ബിലാദ് അൽ ഖദീമിലെ ബ്ലോക്ക് 361ലെ റോഡുകളുടെ നവീകരണത്തിനായുള്ള വിശദമായ ഡിസൈനുകൾ ഏകദേശം പൂർത്തിയായെന്നും മന്ത്രാലയം വിശദീകരിച്ചു. ബ്ലോക്ക് 359ലെ സ്ട്രീറ്റ് 61നും റോഡ് 5909നും ഇടയിൽ ഒരു പുതിയ കണക്ടർ റോഡും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഡിസൈൻ ജോലികളുടെ 50 ശതമാനം പൂർത്തിയായി. നിരവധി അറ്റകുറ്റപ്പണി പദ്ധതികളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലോക്ക് 334ലെ അദ്ലിയ അവന്യൂവിലും അഹമ്മദ് അലി കാനൂ അവന്യൂവിലും കാർ പാർക്കിങ് ഏരിയയിലെ അറ്റകുറ്റപ്പണികൾ, സൽമാനിയയിലെ ബ്ലോക്ക് 329ലെ റോഡുകളുടെ പുനർനിർമാണം, സിഞ്ചിലെ ബ്ലോക്ക് 359ലെ റോഡ് 5925ന്റെ അറ്റകുറ്റപ്പണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിഞ്ചിൽനിന്ന് ടുബ്ലി ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള 3.2 കിലോമീറ്റർ ദൈർഘ്യമുള്ള മലിനജല ലൈൻ 90 ശതമാനം പൂർത്തിയായെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

