രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം
text_fieldsമനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന 16ാമത് എഡിഷന് മീലാദ് ടെസ്റ്റിന് തുടക്കം. പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ അധ്യാപന മാതൃകകളെ പൊതുജനങ്ങളിലും അധ്യാപക, വിദ്യാര്‍ഥി സമൂഹത്തിലും പകര്‍ന്നുനല്‍കുക എന്ന താൽപര്യത്തില് ഗുരുവഴികള്‍ എന്ന പേരില്‍ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണ മീലാദ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. വിഡിയോ സീരീസിനൊപ്പം പ്രസിദ്ധീകരിക്കുന്ന ചോദ്യാവലി അനുസരിച്ച് ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 15 വരെ https://rscmeeladtest.com/ എന്ന വെബിലൂടെ പ്രിലിമിനറി പരീക്ഷ എഴുതി യോഗ്യത നേടുന്നവര്‍ക്ക് സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികള്‍ക്കാണ് അവസരമുള്ളത്. ജി.സി.സി രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലടക്കം പ്രത്യേകം തയാറാക്കിയ ഡിജിറ്റല്‍ സംവിധാനം വഴി ഒരു മില്യണ്‍ ആളുകളിലേക്ക് മീലാദ് ടെസ്റ്റ് സന്ദേശം എത്തിക്കും. ഗ്ലോബല്തലത്തില് ജനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25,000 രൂപയും സ്റ്റുഡന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും സമ്മാനം നല്‍കും.
അറിവ് പകരുന്നതിലും നുകരുന്നതിലും നബി(സ്വ)യുടെ രീതികള്‍ സര്‍വശ്രേഷ്ഠമാണ്. അധ്യാപനരീതികളില്‍ ഏറ്റവും മികച്ച മാതൃകകള്‍ തിരുനബി(സ്വ) സമ്മാനിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ക്കനുസൃതമായി അറിവ് പകര്‍ന്ന് നല്‍കാനുള്ള മികവ് അവിടത്തെ പ്രത്യേകതയാണ്. സൗമ്യമായ പെരുമാറ്റത്തില്‍, ഗൗരവത്തില്‍ പറയേണ്ട സ്ഥലത്ത് അങ്ങനെയും പുഞ്ചിരിക്കേണ്ട സ്ഥലത്ത് അതുപോലെയും അറിവുകൾ കൈമാറ്റം ചെയ്യുന്നതായിരുന്നു പ്രവാചകരീതികള്. അധ്യാപനത്തിലെ പ്രവാചക മാതൃകകളെ മീലാദ് ടെസ്റ്റിലൂടെ സമൂഹത്തിന് കൂടുതല്‍ പരിചയപ്പെടുത്തുകയാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. രജിസ്ട്രേഷന്: https://rscmeeladtest.com/. വിവരങ്ങള്‍ക്ക്: +973 35148599, +973 3926 9571.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

