റിഫ സെൻട്രൽ മാർക്കറ്റ് നവീകരണം മന്ത്രാലയ സംഘം വിലയിരുത്തി
text_fieldsമനാമ: റിഫ സെൻട്രൽ മാർക്കറ്റ് നവീകരണം കാർഷിക, മുനിസിപ്പൽ മന്ത്രാലയ സംഘം വിലയിരുത്തി. 60 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി മുനിസിപ്പൽ - കാർഷിക മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ്, സംയുക്ത മുനിസിപ്പൽ സേവന കാര്യ അണ്ടർ സെക്രട്ടറി റാവിയ അൽ മന്നാഇ, ദക്ഷിണ മേഖല മുനിസിപ്പൽ ഡയറക്ടർ ഈസ അൽ ബൂ ഐനൈൻ എന്നിവരെ കൂടാതെ മന്ത്രാലയ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഷോപ്പുകളുടെയും കൗണ്ടറുകളുടെയും ഉടമകൾ, ഉപഭോക്താക്കൾ എന്നിവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുംവിധമുള്ള സൗകര്യങ്ങളാണ് മാർക്കറ്റിൽ ഒരുക്കുക.
ജനങ്ങൾക്കാവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ന്യായമായ വിലയിൽ ലഭ്യമാക്കുകയാണ് സെൻട്രൽ മാർക്കറ്റുകളുടെ ദൗത്യമെന്ന് അണ്ടർ സെക്രട്ടറി വ്യക്തമാക്കി. 2,323 ചതുരശ്ര മീറ്റർ കെട്ടിടമാണ് ഇവിടെ നവീകരിക്കുന്നത്. ഇതിൽ പഴം, പച്ചക്കറി മാർക്കറ്റിനായി 965 ചതുരശ്ര മീറ്ററിൽ 53 കൗണ്ടറുകളാണുണ്ടാവുക. നേരത്തെ ഇത് 32 കൗണ്ടറുകളായിരുന്നു. മത്സ്യ, മാംസ മാർക്കറ്റ് 500 ചതുരശ്ര മീറ്ററിലുണ്ടാവും. ഇതിൽ 13 കൗണ്ടറുകൾ ഒരുക്കും. നേരത്തെ ഏഴ് കൗണ്ടറുകളാണുണ്ടായിരുന്നത്. കൂടാതെ ബാത് റൂം സൗകര്യങ്ങളും കഫറ്റീരിയകളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.